ശ്രീമതി ലീലാ മാരേട്ട്- വേറിട്ട വ്യക്തിത്വം

By Karthick

Monday 21 Aug 2017 20:58 PM

സ്ത്രീകള്‍ക്ക് വ്യക്തിത്വമില്ലെന്നോ പാടില്ലെന്നോ ഒക്കെയാണ് പുരുഷന്മാരുടെ ധാരണയെന്നു കേട്ടിട്ടുണ്ട്. അതുകൊണ്ടാണല്ലോ ‘ഇട്ടിയമ്മ ചാടിയാല്‍ കൊട്ടിയമ്പലം വരെ’ എന്നൊരു ചൊല്ലുതന്നെ ഉണ്ടായത്.

കാലം മാറി, കോലവും! ഇട്ടിയമ്മമാര്‍ അടുക്കളവിട്ട്, കൊട്ടിയമ്പലം വെടിഞ്ഞ് അരങ്ങത്തു വന്നു. അതോടെ വനിതകള്‍ ഉഷാറായി. കുറെപ്പോര്‍ ഫെമിനിസത്തിന്റെ ലക്ഷ്യമറിയാതെ ‘ഞാനൊരു ഫെമിനിസ്റ്റാണെന്ന്’ അവകാശവാദവും ഉന്നയിക്കാന്‍ തുടങ്ങി. ഇനിയും ചിലര്‍ സാഹിത്യരംഗത്തേക്കു കടന്ന് സ്ത്രീയോചിതമായ ലജ്ജ വെടിഞ്ഞ് പെണ്ണെഴുത്തെന്ന പേരില്‍ ലൈംഗികകാര്യങ്ങള്‍ വരെ ഒളിവും മറയും കൂടാതെ തുറന്നെഴുത്തു തുടങ്ങി, നിമ്‌നരുചിക്കാര്‍ക്കു ഹരം പകര്‍ന്നു. അവരിലേറെപ്പേരും ഒന്നുകില്‍ കാലയവനികയ്ക്കുള്ളില്‍ അല്ലെങ്കില്‍ തിരശ്ശീലയ്ക്കു പിന്നില്‍ ഒളിച്ചു. ശേഷിക്കുന്ന കുറച്ചുപേര്‍ കഥയും കവിതയുമായി പ്രേമത്തിന്റെയും വിഫലപ്രേമത്തിന്റെയും അവിഹിതഗര്‍ഭത്തിന്റെയും വിശേഷങ്ങളുമായി വല്ലപ്പോഴും പ്രത്യക്ഷപ്പെടും.

എന്നാല്‍ നാട്ടില്‍ കോളജദ്ധ്യാപികയായിരുന്ന ശ്രീമതി ലീലാ മാരേട്ട് അമേരിക്കയില്‍ വന്ന് അന്തസ്സു വിടാതെ, സ്ത്രീത്വത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച് പൊതുരംഗത്ത് സജീവമാണ്. സമൂഹത്തില്‍ സ്ത്രീകള്‍ക്കും മാന്യമായി, ദുഷ്‌പേരു കേള്‍പ്പിക്കാതെ പുരുഷന്മാരോടൊപ്പം സമൂഹനന്മയ്ക്കും സ്ത്രീകളുടെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കിയും പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് അവര്‍ തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും ബോധ്യമാക്കിയിരിക്കുന്നു. അതിന്റെ ആദരസൂചകമായി ഒട്ടേറെ അവാര്‍ഡുകള്‍ നല്‍കി വിവിധ സംഘടനകള്‍ അവരെ അഭിനന്ദിച്ചിട്ടുമുണ്ട്. സ്ത്രീകള്‍ കൂടുന്നിടത്ത് സ്പര്‍ദ്ധ യേതുമില്ലാതെ പങ്കെടുക്കാന്‍ അവര്‍ സദാ ഉത്സുകയാണ്. എന്നാലോ, സ്വന്തം തട്ടകമായ ഗൃഹകാര്യങ്ങള്‍, കുട്ടികളുടെ കാര്യങ്ങള്‍, ഭര്‍ത്തൃശുശ്രൂഷ, ആദിയായവയില്‍ അലംഭാവമോ കൃത്യവിലോപമോ വരുത്തുന്നുമില്ല. തമിഴ്ഭാഷ കടംകൊണ്ടാല്‍ ‘കൊടുത്തു വൈത്തവള്‍’ (അനുഗ്രഹീത) ഏതു പരിപാടിയില്‍ പങ്കെടുത്താലും രാത്രിയില്‍ അസമയത്തിനു മുമ്പ് വീട്ടിലെത്താന്‍ ലീലാ മാരേട്ടിന് പ്രത്യേക നിഷ്ഠയുണ്ട്. പരിപാടികള്‍ നീണ്ടുപോയാലും ഇല്ലെങ്കിലും സ്വന്തം കൃത്യനിഷ്ഠയില്‍ മാറ്റമേതുമില്ല.

‘വിത്തുഗുണം പത്തുഗുണം’ എന്നാണല്ലോ ചൊല്ല്. ഒരു ചൊല്ലിലും പതിരില്ലാത്തതുപോലെ ഇതിലും പതിരില്ലെന്നു ലീലയുടെ ഇതഃപര്യന്തമുള്ള ജീവിതം തെളിവാണ്. ലീലയുടെ പിതാവ്, ആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗത്ത് എട്ടുപറ കുടുംബത്തിലെ എന്‍. കെ. തോമസ്, അദ്ധ്യാപകന്‍ മാത്രമല്ല, കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവുമായിരുന്നു. ആകയാല്‍ നെഹ്‌റു കുടുംബവുമായി അടുത്തബന്ധം പുലര്‍ത്താനും കഴിഞ്ഞിരുന്നു. വയലാര്‍ രവി, ഏ.കെ. ആന്റണി തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ശിഷ്യഗണത്തില്‍പെടും. ശ്രീമതി ലീല പഠിച്ച സെന്റ് ജോസഫ് കോളജില്‍ത്തന്നെ അദ്ധ്യാപികയായിരിക്കെ, വിവാഹാനന്തരം തല്‍സ്ഥാനം രാജിവച്ച് അമേരിക്കയില്‍ കുടിയേറിയതാണ്. ഇവിടെ അവര്‍ ഉദ്യോഗത്തോടൊപ്പം തന്നെ സാമൂഹ്യസംഘടനകളിലും പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഫൊക്കാനയുടെ അഭിന്നഅംഗമെന്ന നിലയില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിപ്പോരുന്നു. സംഘടനകള്‍ക്കു കീറാമുട്ടി പണപ്പിരിവാണല്ലോ. ലീല അക്കാര്യത്തില്‍ പ്രഗത്ഭയാണെന്ന് എടുത്തു പറയേണ്ടതില്ല. സ്വന്തം കാര്യലാഭത്തിനല്ലായ്കയാല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍-പ്രത്യേകിച്ചും ജീവകാരുണ്യസംബന്ധിയായവ സ്തുത്യര്‍ഹമായി നിര്‍വ്വഹിക്കാന്‍ ശ്രീമതി ലീല കാണിക്കുന്ന ഉത്സാഹവും ബുദ്ധിമുട്ടും സര്‍വ്വവിദമാകയാല്‍ എടുത്തുപറയേണ്ടതില്ല.

ഏതു തിരക്കിനിടയിലും ആതിഥ്യമര്യാദയും അതിഥിസത്ക്കാരവും സുഹൃദ്ബന്ധവുമൊക്കെ വീട്ടില്‍ നിന്നു പഠിച്ചത് ശ്രീമതി ലീല ഇവിടെയും അഭംഗുരം നിര്‍വ്വഹിക്കുന്നത് നമ്മെ ആശ്ചര്യപ്പെടുത്തും. ഏതു തര്‍ക്കത്തിനിടയിലും സ്വകാര്യഗൃഹകാര്യങ്ങളില്‍ ഏതും മുടക്കം വരുത്താറില്ല. പ്രശ്‌നങ്ങളില്ലാത്തത് ജനിക്കാത്തവര്‍ക്കും മരിച്ചവര്‍ക്കുമല്ലേ, ഓരോരുത്തര്‍ക്കും കാരണങ്ങള്‍ വ്യത്യസ്തമാണെങ്കിലും ചെറുതും വലുതുമായ പ്രശ്‌നങ്ങള്‍ ഉണ്ടല്ലോ. ആരും അതില്‍നിന്ന് മുക്തരല്ല. എല്ലാം അനായാസമെന്ന മട്ടില്‍ കൈകാര്യം ചെയ്യാന്‍ ലീലയ്ക്കു സവിശേഷമായ ഒരു സിദ്ധി തന്നെയുണ്ടെന്നാണഅ ലീലയെ അടുത്തറിയുന്നവര്‍ സാക്ഷിക്കുന്നത്. ഭര്‍ത്താവ് ശ്രീ. രാജന്‍ മാരേട്ട് തന്റെ ഭാര്യയുടെ സോഷ്യല്‍ ആക്ടിവിറ്റിയില്‍ പൂര്‍ണ്ണസഹകരണം നല്‍കുന്നതിനാലാണല്ലോ ലീലയ്ക്ക് സമൂഹത്തിന്റെ സ്പന്ദനങ്ങളില്‍ ഭാഗഭാക്കാകാന്‍ കഴിയുന്നത്. ആകയാല്‍ അഭിനന്ദനങ്ങള്‍ ഏറെ അര്‍ഹിക്കുന്നത് അദ്ദേഹമാണ്. കേരളത്തിലെ അര്‍ഹരായ അഗതികളുടെ നേരെ നീളുന്ന സഹായഹസ്തങ്ങളുടെ മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിക്കാന്‍ കഴിയുന്നതും ശ്രീ രാജന്‍മാരേട്ടിന്റെ പൂര്‍ണ്ണ പിന്തുണയോടെയാണെന്നതും സ്മരണീയമാണ്.

എല്ലാ നല്ലകാര്യങ്ങളുടെയും പിന്നില്‍ സ്ത്രീശക്തി ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്നുണ്ടെന്നുള്ളത് സര്‍വ്വവിധമാണല്ലോ. (എല്ലാക്കാര്യങ്ങളിലും ഒരു നേരിയ മറുപക്ഷമുള്ളതും വിസ്മരിക്കുന്നില്ല)

ഔദ്യോഗിക പൊതുകാര്യ മേഖലകളിലെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളോടൊപ്പം തത്തുല്യമോ തദുപരിയോ ശ്രദ്ധയും ശുഷ്ക്കാന്തിയും കാണിക്കുന്ന കുടുംബിനികള്‍ ലീലയെപ്പോലെ അപൂര്‍വ്വരില്‍ അപൂര്‍വ്വരാണെന്ന് അവരോടൊപ്പം പ്രവര്‍ത്തിക്കുന്നവര്‍ അവരെ പ്രശംസിക്കുന്നതു കേള്‍ക്കുന്നതിന്റെ വെളിച്ചത്തില്‍, കൂടുതല്‍ കാര്യക്ഷമമായ പദവികളില്‍ എത്തുന്നതിന് എല്ലാംകൊണ്ടും ശ്രീമതി ലീല അര്‍ഹയാണെന്ന ജനസമ്മതിയും അവര്‍ ആര്‍ജ്ജിച്ചിട്ടുണ്ടല്ലോ. സദാ പ്രസന്നവദനയും ഉത്സാഹവതിയുമായി ശ്രീമതി ലീല തന്റെ ചുമതലകള്‍ സ്തുത്യര്‍ഹമായി നിര്‍വ്വഹിക്കുന്നുണ്ടെന്നു ബോദ്ധ്യമുള്ളതിനാല്‍ നാം നല്‍കുന്ന ഏതു പദവിയിലും അവര്‍ വര്‍ദ്ധിത്സാഹത്തോടെ മേലിലും തുടര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് ന്യായമായും പ്രത്യാശിക്കാം. തനിക്കു സര്‍വ്വദാ അര്‍ഹമായ പദവിയിലെത്താന്‍ സഹപ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും പിന്തുണയും സര്‍വ്വേശ്വരന്റെ അനുഗ്രഹവും ഉണ്ടാകുമെന്നു പ്രത്യാശിക്കുകയും അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

സ്‌നേഹാശംസകളോടെ,
ഷീല എന്‍. പി.