നായകനെ പ്രണയിക്കാനില്ലെന്ന് കാജല്‍

By Karthick

Tuesday 22 Aug 2017 19:31 PM

കൂടെ അഭിനയിക്കുന്ന നായകനെ ഒരിക്കലും പ്രണയിക്കില്ലെന്നു കാജല്‍ അഗര്‍വാള്‍. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. സിനിമാ താരങ്ങള്‍ക്ക് എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന സംഭവമാണ് പ്രണയ ഗോസിപ്പുകള്‍. ഒന്നോ രണ്ടോ ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചു കഴിഞ്ഞാല്‍ പിന്നെ ആ നടിയെയും നടനെയും വച്ച് പ്രണയ കഥകള്‍ മെനഞ്ഞുണ്ടാക്കും. ചിലപ്പോഴൊക്കെ അത്തരം ഇല്ലാക്കഥകള്‍ താരങ്ങളുടെ കരിയറിനെ മോശമായി ബാധിക്കാറുണ്ട്.

എന്നാല്‍ ആരും ഇനി കാജല്‍ അഗര്‍വാളിന്‍റെ പേരിനൊപ്പം ഒരു നായക നടന്‍റെയും പേര് ചേര്‍ത്തു വയ്‌ക്കേണ്ടതില്ലെന്നാണ് താരത്തിന്‍റെ ഈ പ്രസ്താവന വ്യക്തമാക്കുന്നത്. കരിയറിലെ വിജയത്തിന്‍റെ രഹസ്യം ചോദിച്ചപ്പോഴാണ് എന്‍റെ നായകനെ പ്രണയിക്കില്ല എന്ന് താരം പറഞ്ഞത്. കൂടെ അഭിനയിക്കുന്നവരുമായി വികാര പരമായ ഒരു ബന്ധത്തിനും എനിക്ക് താത്പര്യമില്ല. അത് എന്നെ കരിയറില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ സഹായിക്കാറുണ്ട്. എന്‍റെ മനസിനെ അലോസരപ്പെടുത്തുന്ന ബന്ധങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ട്. ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ അതെന്നെ സഹായിക്കാറുണ്ട്- കാജല്‍ പറയുന്നു.

റാണ ദഗുപതിക്കൊപ്പം അഭിനയിച്ച നേനു രാജ നേനു മന്ത്രിയാണ് കാജലിന്‍റെ ഏറ്റവും പുതിയ ചിത്രം. വിജയ്‌ക്കൊപ്പം മെര്‍സല്‍, അജിത്തിനൊപ്പം വിവേഗം എന്നീ ചിത്രങ്ങള്‍ ചെയ്യുന്നതിന്‍റെ തിരക്കിലാണ് കാജല്‍ ഇപ്പോള്‍.