ന്യൂസ് മേക്കര്‍ ഓഫ് ദി ഇയര്‍: ലവ്‌ലി വര്‍ഗീസിനെ പ്രസ്ക്ലബ് ആദരിക്കും

By Karthick

Tuesday 22 Aug 2017 19:47 PM

ചിക്കാഗോ: അമേരിക്കന്‍ മലയാളി സമൂഹത്തിലെ ഈവര്‍ഷത്തെ ഏറ്റവും വലിയ ന്യൂസ് മേക്കര്‍മാരില്‍ ഒരാളായ ലവ്‌ലി വര്‍ഗീസിനെ പ്രസ്ക്ലബ് നാഷണല്‍ കണ്‍വന്‍ഷനില്‍ ആദരിക്കും.

പുത്രവിയോഗത്തില്‍ തളര്‍ന്നു പോകുന്നതിനു പകരം വീറുറ്റ പോരാട്ടത്തിലൂടെ നീതി നടപ്പാക്കിയെടുത്ത ലവ്‌ലി വര്‍ഗീസിന്റെ പ്രവര്‍ത്തനം ആരിലും ആവേശമുണര്‍ത്തുന്നതാണ്. പ്രവാസി സമൂഹത്തിനു ഉത്തമ മാതൃകയാണത്.

അധികാരവും പണവും കയ്യാളുന്നവര്‍ക്കെതിരേ ദുര്‍ബലയായ ഒരു സ്ത്രീ നടത്തിയ ഒറ്റയാള്‍ പോരാട്ടം വിജയം കണ്ടത് ചരിത്രം കുറിക്കുന്നതായിരുന്നു. ആ പോരാട്ടത്തെ നിസാരവത്കരിക്കാനും അപഹസിക്കാനും വരെ മുതിര്‍ന്നവര്‍ ധാരാളം. എങ്കിലും ലക്ഷ്യബോധത്തില്‍ നിന്ന് അണുവിട വ്യതിചലിക്കാന്‍ അവര്‍ തയാറായില്ല.

പോലീസും ഗ്രാന്റ് ജൂറിയും കേസില്ലെന്നു പറഞ്ഞ് അവസാനിപ്പിച്ച പുത്രന്‍ പ്രവീണ്‍ വര്‍ഗീസിന്റെ മരണം വീണ്ടും അന്വേഷിപ്പിക്കാനും കൊലക്കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാനും നടത്തിയ പോരാട്ടം ഐതിഹാസികമായിരുന്നു. മാധ്യമങ്ങളും നവമാധ്യമങ്ങളും മാധ്യമ സുഹൃത്തുക്കളും ഒരമ്മയുടെ പോരാട്ടത്തില്‍ പങ്കുചേര്‍ന്നു. അതു വിജയം കണ്ടു.

മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ഇടയ്ക്ക് അവസാനിപ്പിച്ചു പോകുമായിരുന്ന സമരപാതയിലാണ് അവര്‍ വിജയംവരെ പോരാടിയത്.

ലവ്‌ലി വര്‍ഗീസിനു പ്രസ്ക്ലബിന്റെ നമോവാകം.

ഈ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ചിക്കാഗോയുടെ പ്രാന്ത പ്രദേശമായ ഇറ്റാസ്കയിലേ ഹോളിഡേ ഇന്നിലാണ് പ്രസ്ക്ലബ് കണ്‍വന്‍ഷന്‍. നാട്ടില്‍ നിന്ന് രാഷ്ട്രീയമാധ്യമ രംഗത്തെ പ്രഗത്ഭര്‍ പങ്കെടുക്കുന്നു.

സമ്മേളനത്തില്‍ ആര്‍ക്കും പങ്കെടുക്കാം രജിസ്‌ട്രേഷനൊന്നും അവശ്യമില്ല.