പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളവുമായി ഷിക്കാഗോ നിവാസി തോമസ് മാത്യു

ഷിക്കാഗോ: സാധാരണയായി നോര്‍ത്ത് അമേരിക്കന്‍ മലയാളി വീടുകളോടു ചേര്‍ന്ന് വേനല്‍ക്കാലത്ത് ഒരു പച്ചക്കറി തോട്ടം ഉണ്ടാകാറുണ്ടെങ്കിലും, അതിന്റെ ഗൗരവത്തില്‍ കൃഷിയെ മാറ്റുന്നതിലും, കൃഷി ചെയ്യുന്നതിലും ചുരുക്കം ചില ആളുകള്‍ മാത്രമേ പ്രാധാന്യം കൊടുക്കാറുള്ളൂ. അത്തരത്തില്‍ ശ്രദ്ധ പുലര്‍ത്തുന്ന ഒരു മലയാളിയാണ് ഷിക്കാഗോയിലെ എഡിസണില്‍ താമസിക്കുന്ന തോമസ് മാത്യു എന്ന രാജന്‍. വയസ് 80 ആയെങ്കിലും ഈ വേനലില്‍ ചെയ്ത കൃഷിയില്‍ നിന്നും ലഭ്യമായ വിളവിന്റെ സന്തോഷത്തിലാണ് അദ്ദേഹവും കുടുംബവും.

എഴുപതുകളില്‍ അമേരിക്കയിലെത്തിയ രാജന്‍ കഴിഞ്ഞ 31 വര്‍ഷമായി വേനല്‍ക്കാലത്ത് തുടര്‍ച്ചയായി കൃഷി ചെയ്യുന്ന വ്യക്തിയാണ്. ഇലന്തൂര്‍ സ്വദേശിയായ ഇദ്ദേഹം ജനിച്ചത് ഒരു കാര്‍ഷിക കുടുംബത്തിലായിരുന്നു. ചെറുപ്പംമുതല്‍ മാതാപിതാക്കളെ കാര്‍ഷികവൃത്തിയില്‍ സഹായിക്കുന്ന രാജന്‍ ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ ജോസി സംബന്ധമായി സെക്കന്‍ന്തറാബാദിലേക്ക് പോകുകയും, തുടര്‍ന്ന് അമേരിക്കയില്‍ എത്തിച്ചേരുകയും ചെയ്തു. അമേരിക്കയില്‍ ആദ്യകാലങ്ങളില്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ പരിസരത്ത് ചെറിയ തോതില്‍ കൃഷി ചെയ്തിരുന്ന അദ്ദേഹം പിന്നീട് താമസമാക്കിയ വീടിനോട് ചേര്‍ന്നു വിപുലമായ രീതിയിലാണ് കൃഷി ആരംഭിച്ചത്. പയര്‍, പാവല്‍, വെണ്ട, പടവലം, മുരിങ്ങ, വെള്ളരിക്ക, വിവിധതരം തക്കാളി, ചീര, കറിവേപ്പ് തുടങ്ങി ചേമ്പ് വരെ അദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ നൂറുമേനി വിളയുന്നു.

കാലത്തും വൈകിട്ടും തന്റെ കൃഷിയിടത്തില്‍ കൃഷിക്കായി സമയം ചെലവഴിക്കുന്ന അദ്ദേഹം കൃഷി തോട്ടത്തില്‍ നിന്നും ലഭിക്കുന്ന വിളകള്‍ കൂടുതലും സുഹൃത്തുക്കള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകളില്‍ താമസിക്കുന്നവര്‍ക്കും പള്ളിക്കും മറ്റും നല്‍കുന്നു. സ്വന്തമായി കൃഷി ചെയ്യുന്നതു കൂടാതെ മറ്റുള്ളവരെ കൃഷി ചെയ്യുവാന്‍ പ്രോത്സാഹിപ്പിക്കുകയും, കൃഷിയുടെ കാര്യത്തില്‍ അദ്ദേഹം അനേകര്‍ക്ക് പ്രചോദനമാകുകയും ചെയ്യുന്നു. ജൈവ വളങ്ങള്‍ മാത്രമേ അദ്ദേഹം കൃഷിക്കായി ഉപയോഗിക്കുന്നുള്ളൂ എന്ന പ്രത്യേകതയുമുണ്ട്.

ഔദ്യോഗിക ജീവിതത്തില്‍ നിന്നും വളരെ നാളുകള്‍ക്കു മുമ്പ് വിരമിച്ച അദ്ദേഹത്തിന്റെ കൃഷിയോടുള്ള താത്പര്യം റിട്ടയര്‍മെന്റ് ജീവിതത്തിന്റെ വിരസതകള്‍ അകറ്റി കര്‍മ്മനിരതനാകുവാനും ഊര്‍ജസ്വലനാകുവാനും അദ്ദേഹത്തെ സഹായിക്കുന്നു.

മൂന്നു മക്കളുടെ പിതാവായ അദ്ദേഹത്തെ കൃഷി കാര്യങ്ങളില്‍ സഹായിക്കാനായി പത്‌നി മറിയാമ്മയും കൂടെയുണ്ട്. ഇതിനോടകം നിരവധിയാളുകള്‍ അദ്ദേഹത്തിന്റെ കൃഷികള്‍ സന്ദര്‍ശിക്കുകയും നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നു.

അദ്ദേഹം താമസിക്കുന്ന സിറ്റിയുടെ വൈസ് പ്രസിഡന്റും കൃഷിയിടം സന്ദര്‍ശിക്കുകയും എല്ലാവിധ പിന്തുണയും അറിയിക്കുയും ചെയ്തു. ഈ പ്രായത്തിലും പൂര്‍ണ്ണമായി കര്‍മ്മനിരതനായ തോമസ് മാത്യുവിന് എല്ലാവിധ ആശംസകളും ദീര്‍ഘായുസ്സും നേരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 630 628 8748, 630 520 5750.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം