ലാവ്‌ലിന്‍ കേസ്: പിണറായിക്ക് ക്ലീന്‍ചിറ്റ്

By Karthick

Wednesday 23 Aug 2017 21:00 PM

കൊച്ചി: എസ്എന്‍സി ലാവലിന്‍ കേസില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഹൈക്കോടതി ഒഴിവാക്കി. പിണറായി അടക്കം മൂന്നു പേരെയാണ് കേസില്‍ നിന്ന് ഒഴിവാക്കിയത്.

ശേഷിക്കുന്ന പ്രതികള്‍ വിചാരണ നേരിടണം. സിബിഐയുടെ റിവ്യു ഹര്‍ജിയില്‍ ജസ്റ്റിസ് പി.ഉബൈദിന്റേതാണ് വിധി. പിണറായി വിജയനെ കേസില്‍ നിന്ന് ഒഴിവാക്കിയ സിബിഐ പ്രത്യേക കോടതി ഉത്തരവ് ഹൈക്കോടതിയും ശരിവച്ചതോടെ വലിയൊരു പ്രതിസന്ധിയില്‍ നിന്നാണ് മുഖ്യമന്ത്രിയും സര്‍ക്കാരും കരകയറുന്നത്.

202 പേജുള്ള വിധിപ്രസ്താവത്തില്‍ അതിരൂക്ഷമായ വിമര്‍ശനമാണ് ഹൈക്കോടതിയില്‍ നിന്ന് സിബിഐയ്ക്ക് നേരെയുണ്ടായത്.
പിണറായി വിജയനെ സിബിഐ വേട്ടയാടുകയായിരുന്നുവെന്ന് പറഞ്ഞ ഹൈക്കോടതി കേസിലെ പ്രതികളെ സിബിഐ തോന്നും പോലെ തിരഞ്ഞെടുക്കുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി.

ലാവലിന്‍ കേസില്‍ ഒന്നാം പ്രതിയായ മോഹനചന്ദ്രന്‍, എഴാം പ്രതിയായ പിണറായി വിജയന്‍, എട്ടാം പ്രതിയായ ഫ്രാന്‍സിസ് എന്നിവരെ കുറ്റിവിമുക്തരാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ വിധി ശരിവച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ പുതിയ വിധി

കെ.എസ്.ഇ.ബി ആസൂത്രണം ചെയ്ത ഒരു പദ്ധതിയാണ് ലാവലിന്‍. അത് നടപ്പാക്കുകയാണ് ഒന്ന്,ഏഴ്,എട്ട് പ്രതികള്‍ ചെയ്തത്
ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഫയല്‍ ക്യാബിനറ്റില്‍ വച്ച സന്ദര്‍ഭത്തില്‍ എന്തെങ്കിലും വിവരങ്ങള്‍ പിണറായി വിജയന്‍ മറച്ചു വച്ചിട്ടില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.