നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയയുടെ ഓണാഘോഷം ആഗസ്റ്റ് 26 ന്

By Karthick

Friday 25 Aug 2017 02:07 AM

സാന്റ ക്ലാര, കാലിഫോര്‍ണിയ: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയയുടെ ഓണാഘോഷ പരിപാടികള്‍ ആഗസ്റ്റ് 26 ശനിയാഴ്ച രാവിലെ 11 മുതല്‍ 6 വരെ നടക്കും. കാംപ്‌ബെല്‍ കാസില്‍മോണ്ട് സ്കൂള്‍ ആഡിറ്റൊറിയത്തില്‍ വച്ച് നടക്കുന്ന ആഘോഷത്തില്‍ ഓണസദ്യയും പല വിധ കലാപരിപാടികളും കായിക പരിപാടികളും ഉണ്ടാകുമെന്നു സംഘാടകര്‍ അറിയിച്ചു. സദ്യക്ക് ജിഷ്ണു തമ്പിയും അരവിന്ദും ഹരി ബാലകൃഷ്ണനും നേതൃത്വം നല്‍കും. ഏകദേശം നാനൂറോളം അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് രാജേഷ് നായര്‍ അറിയിച്ചു.

കാംപ്‌ബെല്‍ മേയര്‍ എലിസബത്ത് ഗിബ്ബണ്‍സ് മുഖ്യാതിഥിയായിരിക്കും. മലയാളം ക്ലാസ്സുകളില്‍ പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മേയര്‍ സമ്മാനിക്കും. മുന്‍ മേയര്‍ ജേസണ്‍ ബേക്കറും, മറ്റു പ്രമുഖ സംഘടന നേതാക്കളും എത്തിച്ചേരും.

എന്‍.എസ്സ്.എസ്സ് മലയാളം, പുരാണം ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന മന്ത്രോച്ചാരണ പ്രാര്‍ത്ഥന അധ്യാപകരായ സതീഷ് ബാബുവും ഐശ്വര്യയും നയിക്കും. സുരേഷ് ചന്ദ്രനും ഹരി പുതുശ്ശേരിയും സംഘവും ചേര്‍ന്നൊരുക്കുന്ന അലങ്കാരങ്ങള്‍ ചടങ്ങിനു പൊലിമയേകും.

കേരളീയ നൃത്തങ്ങള്‍ക്കു പുറമേ ഓണ ഗാനങ്ങള്‍ ഉള്‍പ്പെടുന്ന സംഗീത പരിപാടികളും അരങ്ങേറും. ഉദയ വേണുഗോപാല്‍ സംവിധാനം ചെയ്ത ഓണം ഇതിവൃത്തമാക്കിയ സ്കിറ്റും കവിത കൃഷ്ണന്‍ നയിക്കുന്ന തിരുവാതിരയും മധു മുകുന്ദന്‍ അണിയിച്ചൊരുക്കുന്ന വഞ്ചിപ്പാട്ടും എന്‍.എസ്സ്.എസ്സ് പരിപാടികളിലെ സ്ഥിരസാന്നിധ്യമായ കാലിഫോര്‍ണിയയിലെ പ്രശസ്ത നര്‍ത്തകിയായ നിത്യ അരുണ്‍ അവതരിപ്പിക്കുന്ന നൃത്തങ്ങളും ആഘോഷങ്ങള്‍ക്കു മിഴിവേകും. സ്മിത നായരും പ്രീതി നായരും ചേര്‍ന്ന് സംയോജിപ്പിക്കുന്ന കലാപരിപാടികള്‍ മധു മുകുന്ദനും മിനി നായരും നിയന്ത്രിക്കും. ബിനു ബാലകൃഷ്ണനും സച്ചിത് നായരും ചേര്‍ന്ന് പരിപാടികളുടെ ശബ്ദവും വെളിച്ചവും നിയന്തിക്കും. സിന്ധു, സ്വപ്ന, ഗംഗ, പ്രജുഷ, ഐശ്വര്യ അരവിന്ദ് എന്നിവര്‍ അതിഥികളെ വരവേല്‍ക്കും. കായിക പരിപാടികള്‍ക്ക് സുജിത് വിശ്വനാഥന്‍ നേതൃത്വം നല്കും.

കൂടുതല്‍ വിവരങ്ങള്‍ സംഘടനയുടെ വെബ് സൈറ്റ് www.nairs.org ഇല്‍ ഉണ്ട്. മറ്റ് വിശദാംശങ്ങള്‍ക്കായി പ്രസിഡന്റ് രാജേഷ് നായര്‍ (408 203 1087) സെക്രട്ടറി മനോജ് പിള്ള (408 398 3130) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം