അവധിക്കാല മലയാളം സ്കൂള്‍ സമാപന സമ്മേളനം

ഹൂസ്റ്റണ്‍: ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ ഹാരിസ് കൗണ്ടി പബ്ലിക് ലൈബ്രറിയില്‍ വച്ചു നടത്തിവരുന്ന സമ്മര്‍ മലയാളം സ്കൂളിന്റെ ഒമ്പതാമത് വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ മൂന്നാം തീയതി ഹൂസ്റ്റണ്‍ ഐ.പി.സി ഹെബ്രോണ്‍ ഫെല്ലോഷിപ്പ് ഹാളില്‍ വച്ചു നടത്തുവാന്‍ തീരുമാനിച്ചു.

ജി.എസ്.സി ഹൂസ്റ്റണ്‍ പ്രസിഡന്റ് സൂസന്‍ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കൂടുന്ന പ്രസ്തുത യോഗത്തില്‍ കെ.പി. ജോര്‍ജ് (ഫോര്‍ട്ട് ബെന്റ് ഐ.എസ്.ഡി ട്രസ്റ്റി) മുഖ്യാതിഥിയും ഫാ. ഐസക്ക് ബി. പ്രകാശ് (വികാരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്) ആശംസാ പ്രസംഗവും നടത്തുന്നതാണ്.

വിദ്യാര്‍ത്ഥികള്‍ ഭാഷാ വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന വിവിധ പരിപാടികള്‍ അവതരിപ്പിക്കും. തദവസരത്തില്‍ ത്യാഗമനോഭാവത്തോടുകൂടി പ്രവര്‍ത്തിച്ച വോളണ്ടിയര്‍മാരെ യോഗം ആദരിക്കും.

ഹൂസ്റ്റന്റെ വിവിധ സിറ്റികളില്‍ നിന്നുമായി കഴിഞ്ഞ ഒമ്പതു വര്‍ഷക്കാലമായി 275-ലേറെ വിദ്യാര്‍ത്ഥികളെ മലയാള ഭാഷ പഠിപ്പിക്കുവാന്‍ ജി.എസ്.സി ഹൂസ്റ്റണ്‍ എന്ന സംഘനടയ്ക്ക് കഴിഞ്ഞതായി കോര്‍ഡിനേറ്റര്‍മാരായ വില്‍സണ്‍ സ്റ്റയിന്‍, ജെസി സാബു എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം