ഫാ. കുര്യന്‍ ഇലവുങ്കല്‍ ബൈക്ക് അപകടത്തില്‍ മരിച്ചു

By Eswara

Friday 25 Aug 2017 02:18 AM

അങ്കമാലി: വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷനിലെ മേരിമാതാ പ്രോവിന്‍സ് അംഗമായ ഫാ. കുര്യന്‍ ഇലവുങ്കല്‍ വിസി (63) വാഹനാപകടത്തില്‍ മരിച്ചു. ദേശീയപാതയില്‍ അങ്കമാലി ടൗണ്‍ ജംഗ്ഷനില്‍ ഇന്നലെ രാവിലെ പത്തിനായിരുന്നു അപകടം. ഫാ. കുര്യന്‍ സഞ്ചരിച്ചിരുന്ന ബൈക്കിനു പുറകില്‍ സ്വകാര്യബസ് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ അദ്ദേഹത്തിന്‍റെ ശരീരത്തിലൂടെ ബസിന്‍റെ ചക്രം കയറിയിറങ്ങി. സംസ്കാരം ഇന്നു മൂന്നിന് അങ്കമാലി വിന്‍സെന്‍ഷ്യന്‍ ആശ്രമ സെമിത്തേരിയില്‍.

പാലാ രൂപതയിലെ വയല ഇടവകയില്‍ ഇലവുങ്കല്‍ പരേതരായ തോമസ് ഏലിയമ്മ ദന്പതികളുടെ ഏഴു മക്കളില്‍ മൂന്നാമത്തെയാളാണ് ഫാ. കുര്യന്‍. അങ്കമാലി ആശ്രമത്തിലെ അംഗമായ അദ്ദേഹം അങ്കമാലി ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഡീപോള്‍ ബുക്ക് സെന്‍ററിന്‍റെ ഡയറക്ടറായിരുന്നു. ചെങ്കം, മീനങ്ങാടി, കുറവിലങ്ങാട്, കലൂര്‍, പുതുപ്പാടി, തോട്ടകം, തിരുവനന്തപുരം, കാലിച്ചാനടുക്കം, കോയന്പത്തൂര്‍, മൂക്കന്നൂര്‍, മൈസൂര്‍, തച്ചന്‍പാറ, അങ്കമാലി എന്നീ വിന്‍സെന്‍ഷ്യന്‍ ആശ്രമങ്ങളിലും ചങ്ങനാശേരി അതിരൂപതയിലെ കൊടുപുന്ന സെന്‍റ് ജോസഫ്‌സ്, മാന്പുഴക്കരി ലൂര്‍ദ് മാതാ, എറണാകുളംഅങ്കമാലി അതിരൂപതയിലെ കട്ടപ്പുറം ഹോളി ഫാമിലി, തൃശൂര്‍ അതിരൂപതയിലെ കരുമാത്ര ആരോഗ്യമാതാ എന്നീ ഇടവകകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: ദേവസ്യ, അന്നക്കുട്ടി, ലില്ലിക്കുട്ടി, ഫാ. ജോസ് ഇലവുങ്കല്‍ (ടെസ്പുര്‍ രൂപത), ടോമി, ജെസി.