കുട്ടികള്‍ മരിച്ച സംഭവം: പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്കെതിരെ കേസ്

By Karthick

Friday 25 Aug 2017 07:51 AM

ലക്‌നൗ : ഗോരഖ്പുര്‍ ബാബ രാഘവ്ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അറുപതിലേറെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.രാജീവ് മിശ്ര ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്കെതിരെ കേസെടുത്തു. ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണത്തിന്റെ ചുമതലയുണ്ടായിരുന്ന കമ്പനി പുഷ്പ സെയില്‍സിന്റെ ഉടമയെയും പ്രതിചേര്‍ത്തിട്ടുണ്ട്. ഡോ.രാജീവിന്റെ ഭാര്യ ഡോ.പൂര്‍ണിമ ശുക്ല, ശിശുരോഗവിഭാഗം നോഡല്‍ ഓഫിസര്‍ ഡോ.കഫീല്‍ഖാന്‍, അനസ്തീസിയ പീഡിയാട്രിക് വകുപ്പുമേധാവി ഡോ.സതീഷ്, ചീഫ് ഫാര്‍മസിസ്റ്റ് ഗജാനന്‍ ജയ്‌സ്വാള്‍ തുടങ്ങിയവരാണു കേസിലെ മറ്റു പ്രതികള്‍.

ആരോഗ്യവിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ കെ.കെ.ഗുപ്ത നല്‍കിയ പരാതിപ്രകാരം കുറ്റകരമായ അനാസ്ഥ, ഗൂഢാലോചന, നരഹത്യ തുടങ്ങിയ വകുപ്പുകളാണു പ്രതികള്‍ക്കെതിരെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യവിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറി അനിത ഭട്‌നാഗര്‍ ജയിനിനെ ശിക്ഷാനടപടിയെന്ന നിലയില്‍ സ്ഥലംമാറ്റുകയും ചെയ്തു. മസ്തിഷ്കജ്വരവും ജപ്പാന്‍ ജ്വരവും ബാധിച്ചു ചികില്‍സയിലിരുന്ന അറുപതിലേറെ കുട്ടികളാണ് ഈ മാസം പത്തിന് ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം മുടങ്ങിയതിനെ തുടര്‍ന്നു മരിച്ചത്. കുട്ടികളുടെ കൂട്ടമരണത്തെക്കുറിച്ച് അന്വേഷിക്കുന്ന സമിതിയുടെ റിപ്പോര്‍ട്ട് സമിതി അധ്യക്ഷന്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു സമര്‍പ്പിച്ചു.

കുറ്റക്കാരെന്നു കണ്ടെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാനും ആശുപത്രിയില്‍ കഴിഞ്ഞ മൂന്നുവര്‍ഷം നടന്ന മരുന്നുവാങ്ങലുകളെ കുറിച്ചു സിഎജി തലത്തില്‍ പരിശോധന നടത്താനും സമിതി ശുപാര്‍ശ ചെയ്തു. ഡോ.കഫീല്‍ ഖാനെതിരെ നടപടി എടുക്കാനുള്ള ശ്രമത്തിനെതിരെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ റസിഡന്റ് ഡോക്ടര്‍മാര്‍ രംഗത്തുവന്നിരുന്നു. സ്വന്തം പണം ഉപയോഗിച്ച് ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാങ്ങി കുട്ടികളുടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ച ഡോക്ടറെ ബലിയാടാക്കുകയാണെന്നായിരുന്നു ആരോപണം.