നിക്കോളാവോസ് തിരുമേനിയുടെ മെത്രാഭിഷേക വാര്‍ഷികവും, ജന്മദിനാഘോഷവും


ന്യൂയോര്‍ക്ക്: പരി.സുന്നഹദോസില്‍ പങ്കെടുത്ത് തിരിച്ചെത്തിയ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അദ്ധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ 58-ാം ജന്മദിനവും 24-ാം മെത്രാഭിഷേക വാര്‍ഷികവും സംയുക്തമായി ഭദ്രാസന ചാന്‍സറിയില്‍ വെച്ച് ആഘോഷിച്ചു. ആഗസ്റ്റ് 22 ചൊവ്വാഴ്ച നടന്ന ഹൃസ്വമായ ചടങ്ങില്‍ സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും, ഭദ്രാസന ചാന്‍സലറും സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു. സന്ധ്യാ നമസ്ക്കാരത്തിന് ശേഷം ചാന്‍സലര്‍ ഫാ.തോമസ് പോള്‍ സ്വാഗതമാശംസിച്ച് ആമുഖപ്രസംഗം നടത്തി. മാനേജിംഗ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് ജോര്‍ജ് തുമ്പയിലും, കൗണ്‍സിലിനെ പ്രതിനിധീകരിച്ച് സാജന്‍ മാത്യുവും തിരുമേനിക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ലവീന്‍ ജോണ്‍സണ്‍ ഗാനമാലപിച്ചു.

മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ നടത്തിയ നന്ദി പ്രകാശനത്തില്‍ ദൈവകൃപയുടെ തണലില്‍ നടന്ന വഴികളിലൂന്നി സംസാരിച്ചു. കലുഷിതമായ ജീവിത സാഹചര്യങ്ങളില്‍ കൂടി കടന്നു പോയപ്പോള്‍ കൂടെനിന്ന് ശക്തീകരിക്കുവാന്‍ ദൈവം കൂടെയുണ്ടായിരുന്നു. ഭദ്രാസനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്തതിന് ശേഷം പൂര്‍വ്വികരുടെ അനുഗ്രഹാശിസുകളോടെ മുന്നോട്ട് പോവുന്നു. ഇത്തവണ നാട്ടില്‍ എത്തിയതിന്റെ പിറ്റേന്ന് തന്നെ നാഗ്പൂര്‍ സെമിനാരിയിലെ ഒരു ചടങ്ങില്‍ പങ്കെടുത്തിരുന്നു. കേരളത്തിന് പുറത്തുള്ള ഒരു ഭദ്രാസനത്തില്‍ ഇത്ര കാര്യക്ഷമമായി സഭയുടെ ആത്മീയവും ഭൗതീകവുമായ കാര്യങ്ങള്‍ എങ്ങിനെ നടക്കുന്നു എന്നറിയാനായിരുന്നു പലര്‍ക്കും താല്‍പര്യം.

അമേരിക്കന്‍ ഭദ്രാസനത്തിന്റെ പ്രവര്‍ത്തനശൈലി പ്രതിപാദ്യ വിഷയമായിരുന്ന നാഗ്പൂര്‍ സെമിനാരിയിലെ സെമിനാര്‍ വേദി. 21-ാം നൂറ്റാണ്ടില്‍ പരി.സഭ എങ്ങിനെ മുന്നോട്ട് പോകണം എന്ന മാര്‍ഗനിര്‍ദ്ദേശം മുന്നിലുള്ളപ്പോള്‍, നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തെ ഉദാഹരണമാക്കി പ്രവര്‍ത്തിക്കുവാനുള്ള ആഹ്വാനം ഉയര്‍ന്നു വന്നത് ശ്രദ്ധേയമായി. ഇതു പക്ഷെ വലിയ ഒരു ഉത്തരവാദിത്വം ആണ് നമ്മിലേല്‍പിക്കുന്നത്. ഇതിന് വേണ്ടതായ ദൈവകൃപയ്ക്കായി പ്രാര്‍ത്ഥിക്കുവാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വം ഉണ്ട്, മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ സൂചിപ്പിച്ചു.

കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പരി.സഭയുടെ നിലപാടുകളും ഭാവിപ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള സംക്ഷിപ്തരൂപവും മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ നല്‍കി.

തുടര്‍ന്ന് ജന്മദിനകേക്ക് മുറിച്ച് മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ മധുരം പങ്ക് വെച്ചു. വിരുന്ന് സല്‍ക്കാരവും ഉണ്ടായിരുന്നു.

സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ റോയി എണ്ണച്ചേരില്‍, ജോ ഏബ്രഹാം, ജോര്‍ജ് തുമ്പയില്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഡോ.ഫിലിപ്പ് ജോര്‍ജ്, സാജന്‍ മാത്യു, സന്തോഷ് മത്തായി, ഭദ്രാസന ചാന്‍സലര്‍ ഫാ. തോമസ് പോള്‍, ചാന്‍സറി സ്റ്റാഫ് അംഗങ്ങളായ ഡീക്കന്‍ ഷോണ്‍ തോമസ്, ബാബു പാറയ്ക്കല്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു.

1959 ആഗസ്റ്റ് 13 നാണ് മേപ്രാല്‍ പൂതിയോട്ട് കുടുംബത്തില്‍ ചെറിയാച്ചന്‍ എന്ന പേരില്‍ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നാണ് പ്രീഡിഗ്രി പാസായത്. ദേവഗിരി സെന്റ് ജോസഫ് കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബി.എഡും, ബാംഗ്ലൂര്‍ യുണൈറ്റഡ് തിയോളജിക്കല്‍ കോളേജില്‍ നിന്ന് ബാച്ച്ലേഴ്സ് ഓഫ് സിവിനിറ്റിയും, തിയോളജിയില്‍ മാസ്റ്റേഴ്സും നേടി.

1986- ല്‍ ശെമ്മാശനും 1990-ല്‍ വൈദീകനുമായി. 1993 ല്‍ റെമ്പാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു. മെത്രാപ്പോലീത്തയായി 1993 ആഗസ്റ്റ് 15ന് വാഴിക്കപ്പെട്ടു. 2002 ല്‍ അമേരിക്കന്‍ ഭദ്രാസനത്തിന്റെ അസിസ്റ്റന്റ് മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു. 2011 ഫെബ്രുവരി 26 ന് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തയായി പരി.കാതോലിക്കാ ബാവാ നിയമിച്ചു. 2011 മെയ് 21 ന് സൂത്രോണിസോ ശുശ്രൂഷ നടന്നു.

എക്യൂമിനിക്കല്‍ പ്രസ്ഥാനങ്ങളിലും ഇന്റര്‍ റിലീജിയസ് മൂവ്മെന്റുകളിലും സജീവമായ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ ഇപ്പോള്‍ വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ (ണ.ഇ.ഇ.) സെന്‍ട്രല്‍ കമ്മിറ്റി അംഗമാണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍