ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരന്‍, പഞ്ചാബിലും ഹരിയാനയിലും കലാപം: 30 മരണം

By Karthick

Friday 25 Aug 2017 20:28 PM

ചണ്ഡീഗഡ്: ബലാത്സംഗക്കേസില്‍ 'ദേരാ സച്ചാ സൗദാ' നേതാവ് ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനെന്ന് കോടതി. ശിക്ഷ 28 ന് പ്രഖ്യാപിക്കും.

15 വര്‍ഷം മുമ്പുള്ള ബലാത്സംഗ കേസിലാണ് ഗുര്‍മീത് കുറ്റക്കാരനാണെന്ന് പഞ്ച്കുളയിലെ പ്രത്യേക സി.ബി.ഐ. കോടതി കണ്ടെത്തിയിട്ടുള്ളത്. ഗുര്‍മീതിന്റെ പത്ത് ലക്ഷത്തോളം അനുയായികള്‍ പഞ്ച്കുളയില്‍ എത്തിയ സാഹചര്യത്തില്‍ അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് കോടതി പരിസരത്ത് ഏര്‍പ്പെടുത്തിയിരുന്നത്. 20 ലക്ഷത്തോളം അനുയായികള്‍ ഇനിയും എത്തുമെന്ന് ദേരാ സച്ചാ സൗദ വ്യക്തമാക്കിയതോടെ ഗുര്‍മീത് പ്രതിയായ കേസിലെ വിധി പ്രസ്താവം ദേശീയശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

2002 ല്‍ സിര്‍സയിലെ ദേരാ ആശ്രമത്തില്‍വെച്ച് വനിതാ അനുയായിയെ ഒന്നിലേറെത്തവണ ഗുര്‍മീത് ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. 2007 മുതല്‍ ഗുര്‍മീതിനെതിരായ കോടതി നടപടികള്‍ തുടരുകയാണ്.

എ.ബി. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പഞ്ചാബ് ആന്‍ഡ് ഹരിയാണ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ലഭിച്ച ഊമക്കത്തിലൂടെയാണ് വിവരം പുറത്തറിഞ്ഞത്. കത്തിന്റെ അടിസ്ഥാനത്തില്‍ ദേരാ തലവനെതിരെ ലൈംഗിക പീഡനക്കേസെടുക്കാന്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതി സി.ബി.ഐക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പല വനിതാ അന്തേവാസികളെയും ഗുര്‍മീത് റാം റഹിം ബലാത്സംഗത്തിന് ഇരയാക്കിയിട്ടുണ്ടെന്നായിരുന്നു കത്തിലെ ആരോപണം. അന്വേഷണത്തിന്റെ ഭാഗമായി ആശ്രമത്തിലെ 18 വനിതാ അന്തേവാസികളെ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിരുന്നു. ഇതില്‍ രണ്ടുപേര്‍ ബലാത്സംഗ ആരോപണം ആവര്‍ത്തിച്ചു.

അതിനിടെ കോടതി വിധിക്ക് പിന്നാലെ പഞ്ചാബിലും ഹരിയാനയിലും വ്യാപക അക്രമ സംഭവങ്ങള്‍. സംഘര്‍ഷത്തിനിടെ നിരവധി ദേരാ സച്ചാ സൗദ അനുയായികള്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 30 പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.