അനില്‍ കുമാര്‍ പിള്ളയെ ഫൊക്കാന കണ്‍വന്‍ഷന്‍ വൈസ് ചെയര്‍മാനായി നിയമിച്ചു

By Karthick

Saturday 26 Aug 2017 20:05 PM

ന്യൂജേഴ്‌സി: കഴിഞ്ഞ നാലു പതിറ്റാണ്ടായി അമേരിക്കയിലെ മലയാളികള്‍ക്ക് സുപരിചിതനായ അനില്‍ കുമാര്‍ പിള്ളയെ ഫൊക്കാന കണ്‍വന്‍ഷന്‍ വൈസ് ചെയര്‍മാനായി നിയമിച്ചതായി ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ,സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്,ട്രഷറര്‍ ഷാജി വര്‍ഗീസ്,കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഷിക്കാഗോയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന അനില്‍കുമാര്‍ പിള്ള പതിനേഴ് വര്‍ഷക്കാലമായി സ്‌കോക്കി വില്ലേജിലെ കണ്‍സ്യൂമര്‍ അഫയര്‍ കമ്മീഷണറായി സേവനമനുഷ്ഠിക്കുന്നു. അദ്ദേഹത്തിന്റെ സേവനം ഫൊക്കാനയ്ക്കു ഒരു മുതല്‍ക്കുട്ടായിരിക്കുമെന്നു പ്രസിഡന്റ് തമ്പി ചാക്കോ പറഞ്ഞു. 2018 ജൂലൈ ആദ്യവാരം ഫിലഡല്‍ഫിയയില്‍ നടത്തുന്ന ഫൊക്കാന കണ്‍വന്‍ഷന്‍ മികച്ച രീതിയില്‍ സംഘടിപ്പിക്കുവാന്‍ സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുള്ളവരുടെ സഹായം ആവശ്യമാണ്.

അനില്‍കുമാര്‍ പിള്ള വിവിധ സാമൂഹ്യ സാംസ്കാരിക മത സംഘടനകളില്‍ സജീവമാണ്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍, കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക, ഗീതാമണ്ഡലം, ഏഷ്യന്‍ അമേരിക്കന്‍ കോഅലിഷന്‍, മിഡ് അമേരിക്കന്‍ മലയാളി അസോസിയേഷന്‍, ഇലിനോയി മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളുടെ പ്രസിഡന്റായിരുന്ന അദ്ദേഹം നിരവധി ക്ഷേമ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും അവ അമേരിക്കന്‍ മലയാളി സമൂഹത്തിനു ഗുണപ്രദമാകുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പൊതു പ്രവര്‍ത്തനം അമേരിക്കയിലും ഇന്ത്യയിലും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രവാസികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കണ്‍വന്‍ഷന്റെ വൈസ് ചെയര്‍മാനായി എന്തുകൊണ്ടും അനുയോജ്യനായ വ്യക്തിയെ തന്നെയാണ് ലഭിച്ചത് എന്നു കണ്‍വന്‍ ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ അറിയിച്ചു.ചരിത്രം തിരുത്തിക്കുറിക്കുന്ന ഒരു കണ്‍വന്‍ഷന്‍ ആയിരിക്കും ഫിലാഡല്‍ഫിയയില്‍ നടത്തുക.അതിനായി വിവിധ മേഖലകളില്‍ പ്രശസ്തരായ വ്യക്തികളെ ഫൊക്കാനയുടെ ഭാഗമാക്കുവാന്‍ സാധിക്കുന്നത് ഫൊക്കാനയുടെ പ്രവര്‍ത്തന മികവിന്റെ വ്യാപ്തിയാണ്.പൊതുപ്രവര്‍ത്തനത്തിനു ലഭിക്കുന്ന അംഗീകാരം കൂടിയാണ് ഇത്തരം ആദരവുകള്‍ എന്നു അനില്‍കുമാര്‍ പിള്ള പറഞ്ഞു.