ഡീസലിനും മണ്ണെണ്ണയ്ക്കും വിലകൂടുന്നു

By Karthick

Monday 28 Aug 2017 07:04 AM

കുവൈത്ത് സിറ്റി : ഡീസലിനും മണ്ണെണ്ണയ്ക്കും സെപ്റ്റംബറില്‍ വില കൂടും. വില വര്‍ധനയെ കുറിച്ച് പഠിക്കുവാന്‍ ധനകാര്യ മന്ത്രാലയം ചുമതലപ്പെടുത്തിയ നികുതി കമിറ്റിയാണു സര്‍ക്കാറിനു നിര്‍ദേശം സമര്‍പ്പിച്ചതെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. നിര്‍മ്മാണ മേഖലയിലും നിത്യോപയോഗ ഉത്പന്നങ്ങള്‍ക്കും വിലകൂടുവാന്‍ പുതിയ തീരുമാനം കാരണമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

പുതുക്കിയ നിരക്കിലൂടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 150 മില്യന്‍ കുവൈത്ത് ദിനാര്‍ രാജ്യത്തിനു മിച്ചം ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ധനകാര്യ മന്ത്രാലയം പറഞ്ഞു. ആഗോള സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയില്‍ കൊണ്ടെത്തിച്ച എണ്ണയുടെ വിലത്തകര്‍ച്ച രാജ്യത്ത് ബാധിക്കാതിരിക്കുവാനുള്ള സത്വര നടപടികളുമായി സര്‍ക്കാര്‍ മുമ്പോട്ട് പോവുകയാണെന്ന് അധികൃതര്‍ അറിയിച്ചു. എണ്ണയുടെ വിലയിടവിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക വിടവ് നികത്തുന്നതിന്റെ ഭാഗമായി സമഗ്രനികുതിയും (വാറ്റ്), ആഭ്യന്തരനികുതിയും രാജ്യത്ത് നടപ്പിലാക്കികൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍