വിജയ തിളക്കവുമായി മഹിമ ഇന്ത്യന്‍ ബിസ്‌ട്രോ

By Karthick

Monday 28 Aug 2017 07:07 AM

ഹൂസ്റ്റണ്‍: 2017-ലെ ഫോര്‍ട്ട്‌ബെന്റ് കൗണ്ടി ക്ലീന്‍ റെസ്റ്റോറന്റ് അവാര്‍ഡ് മിസ്സോറിസിറ്റി എഫ്.എം 1092ല്‍ പ്രവര്‍ത്തിക്കുന്ന മഹിമ ഇന്ത്യന്‍ ബിസ്‌ട്രോ കരസ്ഥമാക്കി. 2012 മുതല്‍ തുടര്‍ച്ചയായി ആറാം തവണയാണ് മഹിമ ഈ അവാര്‍ഡ് നേടുന്നത്.

രുചിഭേദങ്ങളുടെ വ്യത്യസ്തതകൊണ്ട് പ്രവാസി മലയാളികളെ ഒന്നടങ്കം ആകര്‍ഷിച്ച മഹിമ ഇന്ത്യന്‍ ബിസ്‌ട്രോ എന്നും തനിമയാര്‍ന്ന ഭക്ഷണ വിഭവങ്ങളുടെ പുത്തന്‍ കലവറ ഒരുക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു.

ശുചിത്വ പരിപാലനത്തില്‍ ജാഗ്രത നല്‍കിയിരുന്നതിനാലാണ് ഇത്തവണയും ഈ അവാര്‍ഡ് മഹിമയെ തേടിയെത്തിയത്.

സിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ അലന്‍ ഓവന്‍, കൗണ്‍സിലേഴ്‌സ് എന്നിവരുടെ സാന്നിധ്യത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എലീന ഏബ്രഹാമില്‍ നിന്ന് റസ്റ്റോറന്റ് ഉടമ സിബി പൗലോസ് അവാര്‍ഡ് ഏറ്റുവാങ്ങി. ഹോട്ടല്‍ മാനേജ്‌മെന്റ് രംഗത്ത് രണ്ടു പതിറ്റാണ്ടിന്റെ വിജയഗാഥയാണ് സിബിക്ക് പറയുവാനുള്ളത്. നഴ്‌സ് പ്രാക്ടീഷണറായ ഭാര്യ ദീപ, വിദ്യാര്‍ത്ഥികളായ മക്കള്‍ മീവല്‍, നോയല്‍ എന്നിവരും ഇദ്ദേഹത്തിന്റെ ഉയര്‍ച്ചയില്‍ സന്തോഷിക്കുന്നു.

മിസ്സോറി സിറ്റിയില്‍ നിന്നും തുടര്‍ച്ചയായി ആറു തവണ അവാര്‍ഡിന് അര്‍ഹനായ ഏക ഇന്ത്യക്കാരനും, മലയാളിയുമാണ് സിബി.

തനിക്ക് ലഭിച്ച അവാര്‍ഡിന് ആദ്യം ദൈവത്തിനും, തന്നോട് നിരന്തരം സഹകരിച്ചുകൊണ്ടിരിക്കുന്ന സുഹൃത്തുക്കള്‍ക്കും നന്ദി അര്‍പ്പിച്ചു. പുതുമയാര്‍ന്ന ബേക്കറി വിഭവങ്ങളും ഒരുക്കി കേറ്ററിംഗില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനാണ് ഷെഫ് സിബിയുടെ താത്പര്യം.

ശുചിത്വ പരിപാലന കാര്യത്തില്‍ ഈ സ്ഥാപനം നിരന്തരം ജാഗ്രത പുലര്‍ത്തുന്നതില്‍ ഇന്‍സ്‌പെക്ടര്‍ എലീന ഏബ്രഹാം പ്രത്യേകം അഭിനന്ദിച്ചു.

റിപ്പോര്‍ട്ട്: സജി പുല്ലാട്