വിവാദ ആള്‍ദൈവത്തിന്റെ പെട്ടി ചുമന്ന ഡെപ്യൂട്ടി അഡ്വ. ജനറലിന്റെ പണിപോയി

By Karthick

Monday 28 Aug 2017 07:16 AM

ചണ്ഡിഗഡ്: മാനഭംഗക്കേസില്‍ കുറ്റക്കാരനായി വിധിക്കപ്പെട്ട ദേര സച്ചാ സൗദ മേധാവി ഗുര്‍മീത് റാം റഹിം സിങ്ങിന്റെ പെട്ടി ചുമന്ന ഹരിയാന ഡെപ്യൂട്ടി അഡ്വക്കേറ്റ് ജനറലിനു(ഡിഎജി) സസ്‌പെന്‍ഷന്‍. ഡിഎജി ഗുര്‍ദാസ് സാല്‍വാരയുടെ സേവനങ്ങളെല്ലാം അവസാനിപ്പിക്കാനും ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചു. അഡ്വക്കെറ്റ് ജനറല്‍ ബല്‍ദേവ് രാജ് മഹാജന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണു നടപടി. പൊതുസേവകനായിരിക്കെ ഡിഎജിയില്‍ നിന്നുള്ള ഇത്തരം നീക്കങ്ങള്‍ അംഗീകരിക്കാനാകില്ല. ഗുര്‍ദാസിന് റാം റഹിമുമായി ബന്ധമുണ്ടെന്നും അഡ്വക്കെറ്റ് ജനറല്‍ പറഞ്ഞു.

മാനഭംഗക്കേസിലെ വിധിപ്രസ്താവത്തിനു ശേഷം പഞ്ച്കുളയിലെ സിബിഐ കോടതിയില്‍ നിന്നു പുറത്തു വന്ന റാം റഹിമിന്റെ പെട്ടി ഡിഎജി ചുമക്കുന്നതിന്റെ വിഡിയോ വൈറലായതോടെയാണ് സംഭവം വിവാദമായത്. ഔദ്യോഗിക വേഷത്തിലായിരുന്നു ഡിഎജി റാം റഹിമിന് അകമ്പടി പോയതും.

പഞ്ച്കുളയിലെ വിധിപ്രസ്താവത്തിനു ശേഷം റോത്തക്കിലെ പ്രത്യേക ജയിലിലേക്ക് ഹെ ലികോപ്റ്ററിലാണ് റാം റഹിമിനെ കൊണ്ടുപോയത്. തന്റെ ദത്തുപുത്രിയെന്ന് റാം റഹിം വിശേഷിപ്പിക്കുന്ന ഹണിപ്രീതും ഒരു സ്യൂട്ടുകേസുമായി ഒപ്പമുണ്ടായിരുന്നു. ഇവര്‍ക്കു പുറകിലായിരുന്നു ഗുര്‍ദാസ് സാല്‍വാര. എന്നാല്‍ റാം റഹിം തന്റെ ബന്ധുവാണെന്ന നിലപാടിലാണ് ഡിഎജി.