ബ്രിട്ടന്‍ അപകടം; ഒരു മലയാളികൂടി മരിച്ചു

By Karthick

Monday 28 Aug 2017 20:54 PM

ലണ്ടന്‍: രണ്ടു മലയാളികള്‍ ഉള്‍പ്പെടെ എട്ട് ഇന്ത്യക്കാരുടെ മരണത്തിനിടയാക്കിയ ബ്രിട്ടനിലെ മോട്ടര്‍വേ ദുരന്തം കഴിഞ്ഞ 25 വര്‍ഷത്തിനിടെ ബ്രിട്ടനില്‍ ഉണ്ടായ റോഡപകടങ്ങളില്‍ ഏറ്റവും വലുത്. മലയാളിയായ പാലാ ചേര്‍പ്പുങ്കല്‍ കടുക്കുന്നേല്‍ സിറിയക് ജോസഫും (ബെന്നി-50) കോട്ടയം ചിങ്ങവനം ചാന്ദാനിക്കാട് ഇരുമ്പപ്പുഴ സ്വദേശി ഋഷി രാജീവ് കുമാറും (28) ഉള്‍പ്പെടെ എട്ടുപേരാണ് കഴിഞ്ഞദിവസം എം-1 മോട്ടോര്‍വേയില്‍ മില്‍ട്ടണ്‍ കെയിന്‍സിനു സമീപം മിനിവാന്‍ കൂറ്റന്‍ ട്രക്കുകളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്.

വിപ്രോ ഐടി കമ്പനിയിലെ നാല് എന്‍ജിനീയര്‍മാരും അവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തില്‍പെട്ടത്. ഗുരുതരമായി പരുക്കേറ്റ നാലുപേര്‍ ഇപ്പോഴും ബ്രിട്ടണിലെ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. ഇവരില്‍ അഞ്ചുവയസ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയുമുണ്ട്. ഈ കുട്ടിയുടെ മാതാപിതാക്കള്‍ രണ്ടുപേരും അപകടത്തില്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന വല്യമ്മ രക്ഷപ്പെട്ടെങ്കിലും ഇനിയും അപകടനില തരണം ചെയ്തിട്ടില്ല.

ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് ചരിത്രത്തില്‍ ഇതിനുമുമ്പ് ഇത്രയും വലിയ അപകടം ഉണ്ടായത് 1993ലായിരുന്നു. അന്ന് 12 സ്കൂള്‍ വിദ്യാര്‍ഥികളും അവരുടെ ടീച്ചറുമായിരുന്നു ഒരു മിനിബസ് അപകടത്തില്‍ എം-40 മോട്ടോര്‍വേയില്‍വച്ച് കൊല്ലപ്പെട്ടത്. ഇതിനുശേഷം ഇത്രയേറെയാളുകള്‍ ഒരുമിച്ച് മരണപ്പെടുന്ന റോഡപകടം ബ്രിട്ടണില്‍ ആദ്യമാണ്. അതുകൊണ്ടുതന്നെ മലയാളികള്‍ ഉള്‍പ്പെട്ട ഈ ദുരന്തം രണ്ടുദിവസമായി ബി.ബി.സി. ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലെ മുഖ്യവാര്‍ത്തയുമാണ്.

വാന്‍ ഉടമയും ഡ്രൈവറുമായിരുന്ന സിറിയക് ജോസഫിന്റെ മരണം രാവിലെതന്നെ മലയാളികള്‍ സ്ഥീരീകരിച്ചെങ്കിലും രാത്രി ഏറെ വൈകിയാണ് ഋഷി രാജീവും ദുരന്തത്തില്‍ മരിച്ചകാര്യം ബ്രിട്ടണിലെ മലയാളികള്‍പോലും അറിയുന്നത്. ഇവര്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം പരിശോധനകളും മറ്റു നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കാന്‍ ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും സമയമെടുക്കുമെന്നാണ് കണക്കുകൂട്ടല്‍.

രാഷ്ട്രീയത്തിലും കലാ സാംസ്കാരക രംഗങ്ങളിലുമെല്ലാം സജീവസാന്നിധ്യമായിരുന്ന ബെന്നിച്ചേട്ടന്‍ എന്ന സിറിയക് ജോസഫിന്റെ വിയോഗം ഉള്‍ക്കൊള്ളാന്‍ ഇനിയും നോട്ടിംങ്ങാമിലെ മലയാളി സമൂഹത്തിന് ആയിട്ടില്ല. മലയാളി കൂട്ടായ്മകള്‍ക്ക് ഏറെ സുപരിചിതനല്ലെങ്കിലും ഋഷി രാജീവിന്റെ വിയോഗവും നോട്ടിംങ്ങാമിന് താങ്ങാനാവാത്ത ദു:ഖമായി.

പതിവിനു വിരുദ്ധമായി സമൂഹമാധ്യമങ്ങളെല്ലാം ഇന്നലെ ബ്രിട്ടണിലെ ദുരന്തവാര്‍ത്തകള്‍കൊണ്ടു നിറഞ്ഞു. അച്ചനെയും അമ്മയെയും നഷ്ടപ്പെട്ട പിഞ്ചുബാലികയുടെ വാര്‍ത്തയും ചിരിയും സ്‌നേഹവും മാത്രം കൈമുതലായുള്ള ബെന്നിയുടെ വിയോഗവും അന്യനാട്ടില്‍ വച്ചുള്ള ഋഷിയുടെ അകാലമൃത്യുമെല്ലാം ഫേസ് ബുക്കിലും വാട്‌സാപ്പിലും പങ്കുവച്ച് സ്‌നേഹിതര്‍ ദു:ഖത്തിന്റെ ഭാരമിറക്കിവച്ചു.

കാര്‍ത്തികേയന്‍ രാമസബ്രഹ്മണ്യം, വിവേക് ഭാസ്കരന്‍, എന്നിവരാണ് ഋഷിയ്‌ക്കൊപ്പം മരണപ്പെട്ട വിപ്രോയിലെ മറ്റ് എന്‍ജിനീയര്‍മാര്‍. മനോരഞ്ജന്‍ പനീര്‍ശെല്‍വം എന്ന മറ്റൊരു എന്‍ജിനീയര്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. ചെന്നൈ സ്വദേശികളായ ഇവരുടെ കുടുംബാംഗങ്ങളാണ് അപകടത്തില്‍ മരിച്ച മറ്റുള്ളവര്‍. പരുക്കേറ്റ മറ്റ് നാലുപേരുടെയും നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.