ഹാര്‍വി ചുഴലിക്കാറ്റ്: നിരവധി മരണം, കരുത്ത് കുറഞ്ഞതായി റിപ്പോര്‍ട്ട്

ഹൂസ്റ്റണ്‍: ഹാര്‍വി ചുഴലിക്കാറ്റിനൊപ്പമെത്തിയ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഹൂസ്റ്റണില്‍ നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നഗരത്തില്‍ ചുഴലിക്കാറ്റിന്റെ കരുത്ത് കുറഞ്ഞിട്ടുണ്ട്. വൈദ്യുതിയും വാര്‍ത്താവിനിമയ സംവിധാനങ്ങളും തകരാറിലായി. പതിനായിരങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയിട്ടുണ്ട്.വെള്ളിയാഴ്ചയാണ് മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗത്തില്‍ ഹാര്‍വി ചുഴലിക്കാറ്റ് ടെക്‌സസിലെത്തിയത്. ഇപ്പോള്‍ അതിന്റെ കരുത്ത് കുറഞ്ഞ് മണിക്കൂറില്‍ 65 കിലോമീറ്ററായി . പത്തോളം പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.

ശനിയാഴ്ച പുലര്‍ച്ചെ കനത്ത മഴയോടെ കൊടുങ്കാറ്റ് ടെക്‌സസ് തീരത്ത് ആഞ്ഞടിച്ചു. തീരദേശ നഗരമായ കോര്‍പസ് ക്രിസ്റ്റിക്കു സമീപം മണിക്കൂറില്‍ 215 കിലോമീറ്റര്‍ വേഗതയിലാണ് കൊടുങ്കാറ്റ് വീശിയതെന്ന് യുഎസിലെ നാഷണല്‍ ഹരിക്കേന്‍ സെന്‍റര്‍ അറിയിച്ചു. കാറ്റിന്‍റെ വേഗത പിന്നീട് 185 കിലോമീറ്ററായി കുറഞ്ഞു.

ഒരു പതിറ്റാണ്ടിനിടെ യുഎസ് നേരിടുന്ന ഏറ്റവും മാരക കൊടുങ്കാറ്റായ ഹാര്‍വിയെ കാറ്റഗറി നാലിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രസിഡന്റ് ട്രമ്പ് ചൊവ്വാഴ്ച ഹൂസ്റ്റണ്‍ സന്ദര്‍ശിക്കും കനത്ത മഴ തുടരുന്നത് വലിയ വെള്ളപ്പൊക്കമുണ്ടാക്കിയേക്കാമെന്ന മുന്നറിയിപ്പ് യുഎസ് കാലാവസ്ഥാ വിഭാഗം നല്‍കിയിട്ടുണ്ട്.