മാനഭംഗക്കേസില്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് 10 വര്‍ഷം തടവ്

By Karthick

Monday 28 Aug 2017 20:59 PM

ചണ്ഡിഗഡ്: മാനഭംഗക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ദേര സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് പ്രത്യേക സിബിഐ കോടതി 10 വര്‍ഷം കഠിന തടവ് വിധിച്ചു. തടവുശിക്ഷയ്ക്കു പുറമെ മൂന്നു വ്യത്യസ്ത കേസുകളിലായി 65,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ഹരിയാനയിലെ റോത്തക് സുനരിയ ജയിലില്‍ പ്രത്യേകം തയാറാക്കിയ കോടതി മുറിയില്‍വച്ചാണ് പ്രത്യേക സിബിഐ ജഡ്ജി ജഗ്ദീപ് സിങ് ശിക്ഷ പ്രസ്താവിച്ചത്. വിധി പറയാനായി ജഡ്ജിയെ ഹെലികോപ്റ്ററിലാണ് ജയിലിലെ കോടതിയിലെത്തിച്ചത്.

വിധി കേട്ടശേഷം നിലവിളിയോടെയാണ് വിവാദ ആള്‍ദൈവം കോടതിക്കു വെളിയിലെത്തിയതെന്ന് റിപ്പോര്‍ട്ടുണ്ട്. ജയിലിനുള്ളില്‍ പ്രത്യേകം തയാറാക്കിയ കോടതിമുറിയില്‍നിന്നും വീണ്ടും ജയിലിലേക്കു മാറ്റാനുള്ള പൊലീസിന്റെ ശ്രമം ഇയാള്‍ തടയാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ, ബലം പ്രയോഗിക്കേണ്ടി വരുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കി. തുടര്‍ന്ന് നിലത്തിരുന്ന ഗുര്‍മീതിനെ ഉദ്യോഗസ്ഥര്‍ വലിച്ചഴച്ചാണ് ജയിലിലേക്കു നീക്കിയത്.

അനുയായികളായ രണ്ടു യുവതികളെ 2002ല്‍ മാനഭംഗത്തിന് വിധേയരാക്കിയ കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസ് വിധിപറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഗുര്‍മീതിനെ കുറ്റക്കാരനായി വിധിച്ച കോടതിവിധിയെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപം 38 പേരുടെ ജീവനെടുത്ത സാഹചര്യത്തില്‍, ശിക്ഷ വിധിക്കുന്നത് പ്രമാണിച്ച് വന്‍ സുരക്ഷാ സന്നാഹമാണ് കോടതി പരിസരത്തും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഒരുക്കിയിരുന്നത്.

അവസാനവാദത്തിനായി ഇരുഭാഗത്തിനും പത്തു മിനിറ്റു വീതം സമയം അനുവദിച്ചിരുന്നു. ഗുര്‍മീതിനു പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രായം, ആരോഗ്യം, സാമൂഹിക പ്രവര്‍ത്തനം തുടങ്ങിയവ ചൂണ്ടിക്കാട്ടി മാപ്പു നല്‍കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതിനിടെ ഗുര്‍മീത് കരഞ്ഞ് കൈകൂപ്പി കോടതിയോട് മാപ്പപേക്ഷിക്കുകയും ചെയ്തു.

ഗുര്‍മീതിന്റെ ഇരകളായി മറ്റു 45 പേര്‍കൂടിയുണ്ടെന്നും പേടി കാരണം അവരാരും പരാതിയുമായി മുന്നോട്ടുവരാത്തതാണെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. മൂന്നു വര്‍ഷത്തോളമാണ് ഇവര്‍ പീഡിപ്പിക്കപ്പെട്ടതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഗുര്‍മീതും ജഡ്ജിയുമടക്കം ഒന്‍പതുപേരാണ് വിധി പ്രസ്താവത്തിന്റെ സമയത്ത് കോടതിയില്‍ ഉണ്ടായിരുന്നത്. പ്രമേഹ രോഗിയായ ഗുര്‍മീത് റാം റഹിം ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരു സിവില്‍ സര്‍ജനെയും റോത്തക് ജയിലിലെത്തിച്ചിരുന്നു.