സരിതയുടെ കത്തിലെ കൂട്ടിച്ചേര്‍ക്കലിനു പിന്നില്‍ ഗണേഷ് കുമാര്‍: അഡ്വ. ഫെനി

By Karthick

Saturday 11 Nov 2017 20:45 PM

തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ ജയിലില്‍ വെച്ച് എഴുതിയ കത്തില്‍ 21 പേജുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ ലൈംഗികാരോപണങ്ങള്‍ ഉള്‍പ്പെടുന്ന നാല് പേജുകള്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും ഇതിന് പിന്നില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ ആണെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഫെനി പറഞ്ഞു. താന്‍ ജയിലില്‍ നിന്നും ഒപ്പിട്ടുവാങ്ങിയ കത്തില്‍ 21 പേജുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ചില ഉന്നതരുടെ പേരുകള്‍ കൂടി ലൈംഗികാരോപണത്തില്‍ ഉള്‍പ്പെടെ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സരിതയെ കൊണ്ട് രണ്ടാമത് കത്ത് എഴുതിപ്പിക്കുകയായിരുന്നു. ആര്‍. ബാലകൃഷ്ണ പിള്ളയുടെ ബന്ധു ശരണ്യ മനോജാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ആദ്യ കത്ത് തന്റെ പക്കല്‍ നിന്നും വാങ്ങിക്കൊണ്ടുപോയത് ഗണേഷ് കുമാറിന്റെ പിഎ പ്രദീപ് ആയിരുന്നു. 2015 മാര്‍ച്ച് 13 നാണ് കൂട്ടിച്ചേര്‍ത്തഭാഗം തയ്യാറാക്കിയത്. തന്‍റെ കാറില്‍ ഇരുന്നാണ് പിന്നീട് എഴുതിച്ചേര്‍ത്ത പേജുകള്‍ കത്തില്‍ കൂട്ടിച്ചേര്‍ത്തത്. ഗണേശിന് മന്ത്രിയാകാന്‍ കഴിയില്ല. അതു കൊണ്ട് എല്ലാര്‍ക്കും പണി കൊടുക്കാനാണ് കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയതെന്നും ഗണേഷിന്‍റെ പി.എ തന്നോട് പറഞ്ഞിരുന്നു. ടവര്‍ ലക്കേഷന്‍ പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ മനസ്സിലാകുമെന്നും ഫെനി വ്യക്തമാക്കി. എന്തുകൊണ്ടാണ് അദ്ദേഹം രണ്ടാമത്തെ കത്ത് പരിഗണിച്ചതെന്ന് വ്യക്തമല്ല. ജസ്റ്റിസ് ശിവരാജനെ ചോദ്യം ചെയ്യണമെന്നും അദ്ദേഹത്തിന്‍റെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പരിശോധിക്കണമെന്നും ഫെനി ആവശ്യപ്പെട്ടു.