വ്യക്തിപൂജ: ജയരാജനെതിരേ കുരുക്ക് മുറുകുന്നു

By Karthick

Tuesday 14 Nov 2017 07:53 AM

തലശേരി: കണ്ണൂരില്‍ സിപിഎം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ യോഗത്തില്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ പുകഴ്ത്തികൊണ്ടുള്ള സംഗീത ആല്‍ബവും ഡോക്യുമെന്ററിയും വിനയായി. പ്രസംഗകര്‍ക്കായി നല്‍കിയ 14 പേജുള്ള കുറിപ്പില്‍ ജയരാജനെക്കുറിച്ചുള്ള വര്‍ണനകളായിരുന്നു ഏറെയും: അശരണരുടെ കണ്ണീരൊപ്പുന്ന, കിടപ്പുരോഗികളുടെ മുന്നില്‍ ദൈവദൂതനെപ്പോലെ അവതരിക്കുന്ന, ജനസഹസ്രങ്ങളുടെ പ്രതീക്ഷയായ നേതാവ് എന്നായിരുന്നു ഒരു വിശേഷണം. സാന്ത്വനപ്രകാശം, സാന്ത്വനത്തണല്‍ തുടങ്ങിയ വിശേഷണങ്ങള്‍ വേറെയും. യുഎപിഎ ദുരുപയോഗത്തിനെതിരെയുള്ള പ്രതിഷേധ സദസ്സില്‍ പ്രസംഗിക്കാനായി നല്‍കിയതെങ്കിലും കേസില്‍ ജയരാജന്‍ നിരപരാധിയാണെന്നുള്ള വാദം മാത്രമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. ജയരാജനെ അതിരുവിട്ടു പുകഴ്ത്തുന്ന ഈ കുറിപ്പ് ജില്ലയില്‍നിന്നുള്ള നേതാക്കള്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ അവതരിപ്പിച്ചിരുന്നു. ജില്ലയില്‍ യുഎപിഎ നിയമത്തിന്റെ ഇരകളായ ഒട്ടേറെ സാധാരണ പ്രവര്‍ത്തകരുണ്ടായിട്ടും ജയരാജനെ മാത്രം മഹത്വവല്‍ക്കരിക്കുന്നത് എന്തുകൊണ്ടാണെന്നും ചോദ്യമുയര്‍ന്നു. ഈ കുറിപ്പ് തയാറാക്കിയതു സംസ്ഥാന സമിതി അംഗം കെ.കെ. രാഗേഷാണെന്നായിരുന്നു ജയരാജന്റെ വിശദീകരണം. ഇതേസമയം ജില്ലാ സെക്രട്ടറിയുടെ നിര്‍ദേശമില്ലാതെ ഇത്തരമൊരു കുറിപ്പ് തയാറാക്കി എന്നു വിശ്വസിക്കാന്‍ കഴിയില്ലെന്നു നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സമിതിയില്‍ ജയരാജനെതിരെയുള്ള പ്രധാന കുറ്റപത്രമായി മാറിയതു യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം) പ്രതിഷേധ യോഗത്തിനായി ജില്ലാ കമ്മിറ്റി തയാറാക്കിയ കുറിപ്പ്. ജയരാജനെ പുകഴ്ത്തിക്കൊണ്ടുള്ള സംഗീത ആല്‍ബവും ഡോക്യുമെന്ററിയും ചര്‍ച്ചയ്ക്കു വന്നെങ്കിലും ഇതെല്ലാം സ്വകാര്യവ്യക്തികളും കലാസമിതികളും തയാറാക്കിയതാണെന്നായിരുന്നു ജയരാജന്റെ വിശദീകരണം. എന്നാല്‍, പ്രതിഷേധ സദസ്സില്‍ പ്രസംഗിക്കാനായി ജയരാജനെ പുകഴ്ത്തിക്കൊണ്ടു ജില്ലാ കമ്മിറ്റി തന്നെ തയാറാക്കിയ കുറിപ്പിന്റെ ഉത്തരവാദിത്തത്തില്‍നിന്നു ജയരാജന് ഒഴിഞ്ഞുമാറാനായില്ല. യുഎപിഎ ദുരുപയോഗത്തിനെതിരെ കണ്ണൂരില്‍ സിപിഎം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ എട്ടിനു പ്രതിഷേധയോഗം സംഘടിപ്പിച്ചിരുന്നു. ഈ യോഗത്തില്‍ പ്രസംഗിക്കുന്നതിനായി ജില്ലാ കമ്മിറ്റി തയാറാക്കി നല്‍കിയ കുറിപ്പാണു സംസ്ഥാന സമിതിയുടെ വിമര്‍ശനം പ്രധാനമായും ക്ഷണിച്ചു വരുത്തിയത്. കതിരൂര്‍ മനോജ് വധക്കേസില്‍ പി. ജയരാജനെ പ്രതിയാക്കി സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചതിനെത്തുടര്‍ന്നായിരുന്നു സിപിഎം പ്രതിഷേധ യോഗം സംഘടിപ്പിച്ചത്.