കേരളത്തില്‍ കുട്ടികള്‍ക്കെതിരേയുള്ള പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

By Karthick

Friday 17 Nov 2017 19:53 PM

തിരുവനന്തപുരം: കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ സംസ്ഥാനത്ത് ഓരോ വര്‍ഷവും വര്‍ധിക്കുന്നതായി ബാലാവകാശ സംരക്ഷണ കമ്മിഷന്‍. പോക്‌സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ അബ്യൂസസ്) നിയമപ്രകാരം സംസ്ഥാനത്തെ പൊലീസ് സ്‌റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തിയാണു കമ്മിഷന്റെ റിപ്പോര്‍ട്ട്. 2013 ല്‍ പോക്‌സോ നിയമ പ്രകാരം 1002 കേസുകളാണു റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ കഴിഞ്ഞ വര്‍ഷം 2093 ആയി. 2,192 കുട്ടികള്‍ കഴിഞ്ഞ വര്‍ഷം വിവിധ ലൈംഗികാതിക്രമങ്ങള്‍ക്കു വിധേയരായി. കഴിഞ്ഞ വര്‍ഷം റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 2,491 പ്രതികള്‍ പിടിയിലായി. ഇതില്‍ 1,663 പേര്‍ (67%) കുട്ടികളെ അടുത്തറിയുന്നവരാണ്. പീഡനത്തിനിരയായവരില്‍ കൂടുതല്‍ കുട്ടികളും (1029 പേര്‍) 1518 പ്രായപരിധിയിലുള്ളവരാണ്. 10–14 പ്രായപരിധിയിലുള്ള 800 കുട്ടികളും അഞ്ചിനും ഒന്‍പതിനും ഇടയ്ക്കു പ്രായമുള്ള 301 കുട്ടികളും അതിക്രമങ്ങള്‍ക്കു വിധേയരായി. പ്രതികളില്‍ 95.5 ശതമാനം പുരുഷന്‍മാരാണ്. 1940 വയസിനിടയില്‍ പ്രായമുള്ള 1244 പേരാണു പ്രതിപ്പട്ടികയില്‍ കൂടുതലുള്ളത്. 4160 പ്രായ പരിധിയിലുള്ള 569 പേരും 14 വയസില്‍ താഴെയുള്ള 15 പേരും പ്രതികളായിട്ടുണ്ട്.