ഇന്ത്യന്‍ സുന്ദരി മാനുഷി ചില്ലര്‍ ലോക റാണി

By Eswara

Sunday 19 Nov 2017 07:04 AM

സാന്യ സിറ്റി (ചൈന): പതിനേഴു വര്‍ഷത്തിനു ശേഷം ഇന്ത്യയിലേക്ക് ലോകസുന്ദരിപ്പട്ടം. ഇന്ത്യയുടെ മാനുഷി ചില്ലറാണ് ചൈനയില്‍ നടന്ന മിസ് വേള്‍ഡ് പോരാട്ടത്തില്‍ 108 സുന്ദരിമാരെ പിന്തള്ളി ഒന്നാമതെത്തിയത്. 2000ത്തില്‍ പ്രിയങ്ക ചോപ്രയാണ് ഇതിനു മുന്‍പ് ലോകസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തിച്ചത്. ഹരിയാന സ്വദേശിയായ മാനുഷി മെഡിക്കല്‍ വിദ്യാര്‍ഥിയാണ്. മത്സരത്തില്‍ ‘ബ്യൂട്ടി വിത്ത് എ പര്‍പ്പസ്’ ടൈറ്റിലും മാനുഷി സ്വന്തമാക്കിയിരുന്നു. ഹെഡ് ടു ഹെഡ് ചാലഞ്ചിലും ഈ ഇരുപതുകാരി സുന്ദരി വിജയം കണ്ടു. മിസ് ഇംഗ്ലണ്ട് സ്‌റ്റെഫാനി ഹില്‍ ഫസ്റ്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു. മിസ് മെക്‌സിക്കോ ആന്‍ഡ്രിയ മിസയാണ് സെക്കന്‍ഡ് റണ്ണറപ്പ്. ജൂണില്‍ നടന്ന ഫെമിന മിസ് ഇന്ത്യയില്‍ കിരീടം നേടിയാണ് ലോകസുന്ദരിപ്പട്ടത്തിനായി മാനുഷി യോഗ്യത നേടിയത്. മിസ് വേള്‍ഡ് പട്ടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി. കഴിഞ്ഞ വര്‍ഷത്തെ ലോകസുന്ദരി മിസ് പ്യൂര്‍ട്ടറിക്ക സ്‌റ്റെഫാനിയാണ് മാനുഷിയെ കിരീടം ചൂടിച്ചത്. കുടുംബാംഗങ്ങളെ ഉള്‍പ്പെടെ സാക്ഷിയാക്കിയായിരുന്നു മാനുഷിയുടെ കിരീടനേട്ടം. ഡോക്ടര്‍മാരാണ് മാനുഷിയുടെ മാതാപിതാക്കള്‍. ഡല്‍ഹിയിലെ സെന്റ് തോമസ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നിലവില്‍ ഭഗത് ഫൂല്‍ സിങ് ഗവ.മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയാണ്.