ട്രംപ് ഭരണത്തില്‍ അനധികൃത കുടിയേറ്റക്കാരെ തടഞ്ഞു വയ്ക്കുന്നത് 40% വര്‍ധിച്ചു

By Eswara

Thursday 23 Nov 2017 20:57 PM

വാഷിങ്ടണ്‍ : പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരമേറ്റത്തിനുശേഷം രേഖകള്‍ ഇല്ലാതെ അമേരിക്കയില്‍ എത്തിയവരെ അറസ്റ്റ് ചെയ്തത് 40% ല്‍ അധികം വര്‍ധിച്ചതായി പുതിയ കണക്കുകള്‍ പറയുന്നു. എന്നാല്‍ ഇതിനനുസരിച്ച് നിയമ വിരുദ്ധ കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്നതില്‍ വര്‍ധന ഉണ്ടായിട്ടില്ല. ഏറ്റവുമധികം പേരെ തിരിച്ചയച്ചതിനുള്ള റെക്കോര്‍ഡ് ഇപ്പോഴും ഒബാമ ഭരണകൂടത്തിനാണ്. ഒബാമയുടെ കാലത്ത് ഒരു എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ നടപ്പാക്കുവാന്‍ ശ്രമിച്ച ഡിഫേര്‍ഡ് ആക്ഷന്‍ ഓണ്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍സ് (ഡാക) ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുവാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്. കുട്ടികളായിരിക്കുമ്പോള്‍ നിയമ വിരുദ്ധമായി അമേരിക്കയില്‍ എത്തിയ എട്ടു ലക്ഷം പേരെ അമേരിക്കയില്‍ തങ്ങുവാനും ജോലി ചെയ്യുവാനും മറ്റൊരു നിയമം ഉണ്ടാവുന്നത് വരെ അനുവദിക്കുകയാണ് ഡാക ചെയ്യുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസ് പുതിയ ഒരു നിയമം പാസാക്കി ഇവരുടെ അമേരിക്കന്‍ താമസം സുരക്ഷിതമാക്കിയില്ലെങ്കില്‍ അവസാന പെര്‍മിറ്റുകളുടെ കാലാവധി 2020 മാര്‍ച്ചില്‍ അവസാനിക്കും. അമേരിക്കയിലേയ്ക്ക് കടക്കുവാന്‍ അനുവദിക്കുന്ന അഭയാര്‍ഥികള്‍ 45,000 (പ്രതിവര്‍ഷം) ആയിരിക്കുമെന്നാണ് പുതിയ നിയമം. ഇത് ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ പ്രഖ്യാപിച്ചതാണ്. ഒബാമ ഭരണകാലത്ത് 1,10,000 പേരെ വരെ പ്രതിവര്‍ഷം അനുവദിച്ചിരുന്നു. രാഷ്ട്രീയ വൈരുദ്ധ്യങ്ങളുടെയും പീഡനങ്ങളുടെയും പശ്ചാത്തലത്തില്‍ സ്വന്തം നാടുവിട്ട് ഓടേണ്ടി വരുന്നവരുടെ എണ്ണം വല്ലാതെ വര്‍ധിച്ചിരിക്കുകയാണ് എന്ന ഐക്യരാഷ്ട്ര സഭയുടെ വെളിപ്പെടുത്തലിന് വലിയ വിലയുണ്ടായില്ല. മധ്യ അമേരിക്കയില്‍ നിന്ന് പ്രാണരക്ഷാര്‍ത്ഥം ഓടി വരുന്ന യുവാക്കള്‍ (അല്‍ സാല്‍വഡോര്‍, ഹോണ്ടുദാസ്, ഗ്വോട്ടിമാല എന്നീ രാജ്യങ്ങളില്‍ നിന്ന്) ക്ക് അഭയം നല്‍കുന്ന പദ്ധതിയും ഇല്ലാതാക്കി. ഈ പദ്ധതി അനുസരിച്ച് 21 വയസില്‍ താഴെ ഉള്ളവര്‍ക്ക് നിയമപരമായി അമേരിക്കയിലുള്ള തങ്ങളുടെ മാതാപിതാക്കള്‍ക്കൊപ്പം അമേരിക്കയില്‍ കഴിയുവാന്‍ അപേക്ഷിക്കാമായിരുന്നു. 2014 ല്‍ ടെക്‌സസ് പോലെയുള്ള സംസ്ഥാനങ്ങളില്‍ ധാരാളം കുട്ടികളുടെ തങ്ങളുടെ മാതാപിതാക്കള്‍ക്കൊപ്പം കഴിയുവാന്‍ ആഗ്രഹിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ പദ്ധതി ഉടലെടുത്തത്. ഇതിനുവേണ്ടി മുന്നോട്ടിറങ്ങിയവര്‍ ഈ കുട്ടികള്‍ അഭയാര്‍ത്ഥികളാണെന്നും അമേരിക്ക അവരെ സ്വീകരിക്കണമെന്നും വാദിച്ചു. അങ്ങനെയാണ് ഡിസംബര്‍ 2014 ല്‍ ഈ പദ്ധതി നടപ്പിലായത്. ട്രംപ് നിര്‍ദേശിച്ച തീവ്ര പരിശോധന (എക്‌സ്ട്രിം വെറ്റിംഗ്) നടപ്പിലാക്കുന്നത് വരെ 2,000 ഓളം പേര്‍ ഇങ്ങനെ നിയമപരമായി അമേരിക്കയിലെത്തി. ജനുവരി 27 ന് ചില മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവരുടെ അമേരിക്കയിലേയ്ക്കുള്ള യാത്ര ട്രംപ് വിലക്കി. ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. പുതിയ നിര്‍ദേശം അനുസരിച്ച് ആറ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നും നോര്‍ത്ത് കൊറിയയില്‍ നിന്നും ഉള്ളവര്‍ക്കും വെനീംസ്വലയിലെ ചില ഗവണ്‍മെന്റ് ഓഫീസര്‍മാര്‍ക്കും ആണ് അമേരിക്കയിലേയ്ക്ക് യാത്ര ചെയ്യുവാന്‍ വിലക്ക്. ടെമ്പററി പ്രൊട്ടക്ടഡ് സ്റ്റാറ്റസ് (ടിപിഎസ്) പതിനായിരക്കണക്കിനാളുകള്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രകൃതി ദുരന്തവും സായുധ ആക്രമണവും സഹിച്ചവര്‍ക്ക്, താല്ക്കാലിക ഭയം നല്‍കുന്ന ഈ പദ്ധതി ദുരുപയോഗം ചെയ്യുന്നതായി വിമര്‍ശനമുണ്ട്. ഇവരുടെ താല്‍ക്കാലിക വാസം അനന്തമായി നീളുന്നതായാണ് പരാതി. ഹെയ്ത്തി, സുഡാന്‍, നിക്കാരഗ്വേ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരോട് അവരുടെ ടിവിഎസ് അവാസനിച്ചു എന്നോ അവസാനിക്കുവാന്‍ പോകുകയാണെന്നോ അറിയിച്ചു കഴിഞ്ഞു. ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഹോം ലാന്‍ഡ് സെക്യൂരിറ്റിയുടെ മേല്‍നോട്ടത്തില്‍ പത്ത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ടിപിഎസ് നല്‍കിയിട്ടുണ്ട്. അല്‍സാല്‍വഡോര്‍, ഹെയ്റ്റി, ഹോണ്ടുരാസ്, നേപ്പാള്‍, നിക്കാരഗ്വാ, സൊമാലിയ, സുഡാന്‍, സൗത്ത് സുഡാന്‍, സിറിയ, യെമന്‍ എന്നിവയാണ് ഈ രാജ്യങ്ങള്‍. ഈ മാസം ആദ്യം 57,000 ഹോണ്ടുറാസുകാര്‍ക്ക് ഒരു ആശ്വാസം ലഭിച്ചു. അവരുടെ ടിപിഎസ് നീട്ടണോ എന്ന പ്രശ്‌നത്തില്‍ തീരുമാനം എടുക്കുവാന്‍ കൂടുതല്‍ സമയം വേണമെന്ന് ഡിഎച്ച്എസ് ആക്ടിംഗ് സെക്രട്ടറി അവരെ അറിയിച്ചു. മിച്ച് ചുഴലിക്കാറ്റ് ആഞ്ഞടിച്ച 1999 ലാണ് ഹോണ്ടുറാസുകാര്‍ക്ക് ടിപിഎസ് ലഭിച്ചത്. റിപ്പോര്‍ട്ട്: ഏബ്രഹാം തോമസ്