ട്രാഫിക് ബ്ലോക്കിന്റെ ഇര; കുട്ടി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

By Karthick

Saturday 25 Nov 2017 07:28 AM

കോട്ടയം : നഗരത്തിലെ ഗതാഗത കുരുക്കില്‍പ്പെട്ട് ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളെ അടിസ്ഥാനമാക്കിയാണു കമ്മിഷന്‍ സ്വമേധയാ േകസ് റജിസ്റ്റര്‍ ചെയ്തത്. ഗുളിക തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്നായിരുന്നു പരുത്തുംപാറ നടുവിലേപറമ്പില്‍ റിന്റു–റീന ഭമ്പതികളുടെ മകള്‍ ഐലിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചത്. മാതാവും ബന്ധുക്കളും അതുവഴിയെത്തിയ അബ്ദുള്‍ സലാമിന്റെ കാറില്‍ ഐലിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വാഹനം കോടിമത പാലത്തിലെ ഗതാഗതക്കുരുക്കില്‍പ്പെട്ടു. കുഞ്ഞിനെ യഥാസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നു കുട്ടി കാറില്‍ തന്നെ മരിക്കുകയായിരുന്നു.