ബ്രക്‌സിറ്റ്: നഴ്‌സുമാര്‍ ബ്രിട്ടന്‍ ഉപേക്ഷിക്കുന്നു

By Karthick

Monday 27 Nov 2017 13:03 PM

ലണ്ടന്‍: ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടനില്‍ ജോലി തിരഞ്ഞെടുക്കുന്ന യൂറോപ്യന്‍ നഴ്‌സുമാരുടെ എണ്ണത്തില്‍ ഇടിവുണ്ടാകുമെന്ന് ബ്രിട്ടനിലെ നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സിലിന്റെ (എന്‍എംസി) നിരീക്ഷണം. ബ്രെക്‌സിറ്റ് തീരുമാനം ഉണ്ടായതിനു ശേഷം ബ്രിട്ടനിലേക്കു ജോലി തേടിയെത്തുന്ന ഇതര യൂറോപ്യന്‍ നഴ്‌സുമാരുടെ എണ്ണം 89 ശതമാനം കുറഞ്ഞു. യുകെയില്‍ നിലവില്‍ ജോലിയുള്ള യൂറോപ്യന്‍ നഴ്‌സുമാരും ഇവിടത്തെ ജോലി ഉപേക്ഷിക്കുന്നുണ്ട്.ഇങ്ങനെ ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ 67 ശതമാനം വര്‍ധനയുണ്ട്. ബ്രെക്‌സിറ്റിനുശേഷം ബ്രിട്ടനില്‍ നാല്‍പതിനായിരത്തിലധികം നഴ്‌സുമാരുടെ ഒഴിവുണ്ടാകുമെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ പറയുന്നു. യൂറോപ്യന്‍ രാജ്യങ്ങളായ സ്‌പെയിന്‍, റൊമാനിയ, ഇറ്റലി, പോര്‍ച്ചുഗല്‍, പോളണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള നഴ്‌സുമാരുടെ എണ്ണത്തില്‍ ക്രമാതീതമായ ഇടിവാണു രേഖപ്പെടുത്തിയിട്ടുള്ളത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്തായാല്‍ തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുമെന്ന സമ്മര്‍ദം മൂലം പല നഴ്‌സുമാരും കടുത്ത തീരുമാനത്തിലേക്കു പോകുകയാണെന്നു നാഷനല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) അധികൃതര്‍ പറയുന്നു. അതിനിടെ കൂടുതല്‍ നഴ്‌സുമാരെ പരിശീലിപ്പിക്കാനുള്ള ട്രെയിനിങ് കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനം സ്വാഗതാര്‍ഹമാണെങ്കിലും പരിശീലനത്തിന് ഒരുപാടു വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണു ബ്രിട്ടീഷ് ആരോഗ്യമേഖലയിലുള്ള കിങ്‌സ് ഫണ്ട് തിങ്ക് ടാങ്ക് അധികൃതര്‍ പറയുന്നത്. വിദേശരാജ്യങ്ങളിലെ നഴ്‌സുമാരുടെ ഇംഗ്ലീഷ് പ്രാവീണ്യം പരിശോധിക്കാനായി നിലവില്‍ ഉപയോഗിക്കുന്ന ഐഇഎല്‍ടിഎസിനു പകരം കൂടുതല്‍ എളുപ്പമുള്ള ഓക്യുപേഷനല്‍ ഇംഗ്ലിഷ് ടെസ്റ്റ്(ഒഇടി) പരിഗണിക്കാന്‍ അടുത്തിടെ തീരുമാനിച്ചിരുന്നു.