ഫ്‌ളൂ സീസണിലെ ആദ്യ രണ്ടു മരണം ഒക്കലഹോമയില്‍

By Karthick

Friday 01 Dec 2017 21:03 PM

ഒക്കലഹോമ: ഫ്ളു സീസണ്‍ ആരംഭിച്ചശേഷം ആദ്യമായി രണ്ടു പേര്‍ ഇന്‍ഫ്ലുവന്‍സ് ബാധിച്ചു ഒക്കലഹോമയില്‍ മരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ 1 മുതലാണ് സീസണ്‍ ആരംഭിച്ചത്.നവംബര്‍ 22 മുതല്‍ 28 വരെയുള്ള ദിവസങ്ങളിലാണ് രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ടു പേരും 65 വയസ്സിനു മുകളിലുള്ളവരാണ്. സീസണ്‍ ആരംഭിച്ചതു മുതല്‍ 105 പേരെ വിവിധ ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്തു ചികിത്സ നടത്തിവരുന്നെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.50 വയസ്സിനു മുകളിലുള്ളവരിലാണ് രോഗം കൂടുതലായി കണ്ടെത്തിയിരിക്കുന്നത്. അതുപോലെ അഞ്ചു വയസിനു താഴെയുള്ളവരേയും രോഗം സാരമായി ബാധിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടനെ ഡോക്ടറുമായി ബന്ധപ്പെടുകയോ ആശുപത്രിയില്‍ ചികിത്സ നേടുകയോ വേണമെന്ന് ഹെല്‍ത്ത് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൈകള്‍ നല്ലതുപോലെ ശുചിയാക്കണമെന്നും പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തണമെന്നും രോഗം വ്യാപിക്കാതെ സൂക്ഷിക്കണമെന്നും സിഡിസി നിര്‍ദ്ദേശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍