കേരളാ ക്രിക്കറ്റ് ലീഗില്‍ ന്യൂയോര്‍ക്ക് മില്ലേനിയം ക്രിക്കറ്റ് ക്ലബ്ബ് ചാമ്പ്യന്മാര്‍

By Karthick

Wednesday 11 Oct 2017 02:51 AM

ന്യൂയോര്‍ക്ക്: കേരളാ ക്രിക്കറ്റ് ലീഗിന്റെ മൂന്നാം പതിപ്പില്‍ ആവേശോജ്വലമായ ഫൈനലില്‍ ബദ്ധവൈരികളായ ന്യൂജേഴ്‌സി ബെര്‍ഗന്‍ ടൈഗേഴ്‌സിനെ പരാജയപ്പെടുത്തി ന്യൂയോര്‍ക്ക് മില്ലേനിയം ക്രിക്കറ്റ് ക്ലബ് കിരീടം ചൂടി.

ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ ഇരു ടീമുകളിലേക്കും ചാഞ്ചാടിയ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂജേഴ്‌സി ബെര്‍ഗന്‍ ടൈഗേഴ്‌സ് നിശ്ചിത 25 ഓവറില്‍ 9 വിക്കറ്റു നഷ്ടത്തില്‍ 161 റണ്‍സെടുത്തു . 162 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ന്യൂയോര്‍ക്ക് മില്ലേനിയം 24.5 ഓവറില്‍ ഒരു വിക്കറ്റു ബാക്കി നില്‍ക്കേയാണ് ലക്ഷ്യം കണ്ടത്. അവസാന ഓവറില്‍ വിജയത്തിനായി വെറും നാല് റണ്‍സ് മാത്രം വേണ്ടിയിരുന്ന മില്ലേനിയത്തിന്റെ രണ്ട് വിക്കറ്റുകള്‍ തുടര്‍ച്ചയായി പിഴുതു കൊണ്ട് ബെര്‍ഗന്‍ ടൈഗേഴ്‌സ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുവെങ്കിലും അവസാനം വിജയം ന്യൂയോര്‍ക്ക് മില്ലേനിയതിനൊപ്പം നിന്നു.

വിജയികള്‍ക്കായി തോമസ് രാജു 65 റണ്‍സും , നിക്കു സെബാസ്റ്റിന്‍ 31ഉം റണ്‍സും എടുത്തു ഇജ്വല പ്രകടനം കാഴ്ച വെച്ചു. തോമസ് രാജു ആണ് ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ച്.

കെ.സി. എല്ലിന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആയി ബെര്‍ഗെന്‍ ടൈഗേര്‍സിന്റെ അരുണ്‍ തോമസിനെയും (289 റണ്‍സ്), മികച്ച ബൗളര്‍ ആയി ബെര്‍ഗെന്‍ ടൈഗേര്‍സിന്റെ അരുണ്‍ ഗിരീഷിനെയും (28 വിക്കറ്റ്) തെരഞ്ഞെടുത്തു

തുടര്‍ന്നു നടന്ന സമ്മാനദാന ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്ന ഗ്ലോബല്‍ ഐ .റ്റി ചെയര്‍മാന്‍ സജിത് നായര്‍, ജിതിന്‍ തോമസ് െ്രെപമേരിക്ക, പബ്ലിക് ട്രസ്റ്റ് ,സ്വാദ് റെസ്‌റ്റോറന്‍ട് സിബി ,അരുണ്‍ സ്‌കൈലൈന്‍ പ്രൊഡക്ഷന്‍സ്, Event Cats, TLJ Events, Sojimedia, അനൂപ് KVTV, Realtor Jaya, Sreekanth Passion Shoot എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ടീമുകള്‍ ലീഗില്‍ കളിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജിനേഷ് തമ്പി