ആഭ്യന്തരവിപണി തകര്‍ക്കുന്ന റബര്‍ബോര്‍ഡ് നീക്കം കര്‍ഷകദ്രോഹം: ഇന്‍ഫാം

By Karthick

Wednesday 11 Oct 2017 11:27 AM

കൊച്ചി: പ്രകൃതിദത്തറബറിന്റെ ഉല്പാദനം ഉയര്‍ത്തിക്കാട്ടി ആഭ്യന്തര റബര്‍വിപണി തകര്‍ക്കുന്ന റബര്‍ബോര്‍ഡിന്റെ ആസൂത്രിതനീക്കം കര്‍ഷകദ്രോഹമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

റബര്‍ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്ന ആഭ്യന്തര റബര്‍ ഉല്പാദനക്കണക്കിന് യാതൊരടിസ്ഥാനവുമില്ല. വിലയിടിവുമൂലം ഭൂരിപക്ഷം കര്‍ഷകരും ഇതിനോടകം ടാപ്പിംഗ് നിര്‍ത്തി. ചെറുകിട കര്‍ഷകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 150 രൂപ ഉത്തേജകപദ്ധതിയും അനിശ്ചിതത്വത്തിലാണ്. ആഭ്യന്തര ഉല്പാദനം ഉയര്‍ത്തിക്കാട്ടുന്ന പ്രഖ്യാപനത്തിന്റെ മാനദണ്ഡങ്ങള്‍ റബര്‍ബോര്‍ഡ് വ്യക്തമാക്കണം. ആഭ്യന്തരവിപണിവില 133 രൂപയും രാജ്യാന്തരവില 109 രൂപയുമാണിപ്പോള്‍. ഈയവസരത്തിലാണ് ആഭ്യന്തര ഉല്പാദനം ഉയര്‍ത്തിക്കാട്ടി വ്യവസായികള്‍ക്ക് വിപണി തകര്‍ക്കുവാന്‍ റബര്‍ബോര്‍ഡ് ഒത്താശചെയ്യുന്നത്. വരും ദിവസങ്ങളില്‍ ആഭ്യന്തരവില രാജ്യാന്തരവിലയേക്കാള്‍ താഴുവാനുള്ള സാഹചര്യമാണ് റബര്‍ബോര്‍ഡ് നിലപാടുകള്‍മൂലം വഴിതെളിഞ്ഞിരിക്കുന്നതെന്ന് കര്‍ഷകര്‍ തിരിച്ചറിയണം.

പ്രകൃതിദത്ത റബറിന്റെ ഇറക്കുമതി ഇനിയുള്ള നാളുകളില്‍ കുറയുന്നതിന് ഒട്ടേറെ കാരണങ്ങളുണ്ട്. വിവിധ റബറുല്പന്നങ്ങളുടെ ഇറക്കുമതി കുത്തനെ ഉയര്‍ന്നിരിക്കുന്നതിന്റെ കണക്കുകള്‍ പരസ്യപ്പെടുത്താന്‍ കേന്ദ്ര വാണിജ്യ മന്ത്രാലയവും റബര്‍ബോര്‍ഡും തയ്യാറാകണം. ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് ഒട്ടേറെ റബറധിഷ്ഠിത ഉല്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ പ്രകൃതിദത്ത റബറിന്റെ ഇറക്കുമതി കുറയുന്നത് സ്വാഭാവികമാണ്. അതാണിപ്പോള്‍ സംഭവിച്ചിരിക്കുന്നത്. കൂടാതെ ചൈനയില്‍ നിന്ന് ടയറുള്‍പ്പെടെയുള്ള ഉല്പന്ന ഇറക്കുമതി ആഭ്യന്തരവിപണിയെ സ്വാധീനിച്ചിട്ടുണ്ട്. 2014 നവംബറില്‍ കേന്ദ്രസര്‍ക്കാരൊപ്പിട്ട ആസിയാന്‍ നിക്ഷേപ കരാറിലൂടെ ഇന്ത്യയിലെ മിക്കവ്യവസായികളും വിവിധ ആസിയാന്‍ രാജ്യങ്ങളില്‍ റബര്‍ പ്ലാന്റുകള്‍ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. ഇവരുടെ ഉല്പന്നങ്ങള്‍ വരുംനാളുകളില്‍ ഇന്ത്യന്‍ വിപണിയിലെത്തുമ്പോള്‍ കേരളത്തിലെ റബര്‍കര്‍ഷകര്‍ കൂടുതല്‍ പ്രതിസന്ധിയിലാകും. ഇക്കാര്യങ്ങളൊക്കെ കര്‍ഷകരില്‍നിന്ന് റബര്‍ബോര്‍ഡ് മറച്ചുവയ്ക്കുന്നത് ജനദ്രോഹപരമാണെന്നും റബര്‍ബോര്‍ഡിന്മേലുള്ള വിശ്വാസ്യത കര്‍ഷകര്‍ക്ക് നഷ്ടപ്പെട്ടുവെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി ഇന്‍ഫാം