സത്യം ജയിച്ചതില്‍ സന്തോഷം; പറഞ്ഞതില്‍ ഉറച്ചുതന്നെ: സരിത

By Karthick

Wednesday 11 Oct 2017 11:36 AM

തിരുവനന്തപരം: ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരേ ഉയര്‍ത്തിയ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് ടീം സോളാര്‍ ഉടമ സരിത എസ് നായര്‍.

പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. തനിക്ക് നീതി കിട്ടിയെന്നും സ്ത്രീയെന്ന നിലയില്‍ ഇപ്പോള്‍ അഭിമാനം തോന്നുന്നുണ്ടെന്നും സരിത നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഞാന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് പറയുന്നില്ല. പക്ഷെ എന്നോടൊപ്പം തെറ്റ് ചെയ്തവരും ശിക്ഷ അനുഭവിക്കണം. കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് പറഞ്ഞിട്ടുണ്ടെന്നും ഉപദ്രവിച്ചുവെന്ന കാര്യം കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും സരിത പറഞ്ഞു.

ഒരു പ്രത്യേക വ്യക്തിക്കെതിരേയല്ല പ്രവര്‍ത്തിച്ചത്. അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങളെ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും സരിത പറഞ്ഞു.

നഷ്ടപ്പെട്ടുവെന്ന് പറയുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ഞാന്‍ ഇതിനെ ഒരു രാഷ്ട്രീയ വിഷയമായി കാണുന്നില്ല. നിര്‍ഭാഗ്യവശാല്‍ ഞാന്‍ അതിന്റെ ഭാഗമാവുകയായിരുന്നുവെന്നും സരിത പരഞ്ഞു.