തൊഴില്‍ ഉടമ പീഡനമെന്ന് യുവതിയുടെ വീഡിയോ സന്ദേശം, മന്ത്രി ഇടപെട്ടു

By Karthick

Thursday 12 Oct 2017 14:38 PM

റിയാദ് : സൗദിയില്‍ തൊഴിലുടമ തന്നെ അടിമയാക്കിവച്ചിരിക്കുകയാണെന്നും രക്ഷിക്കണമെന്നും അഭ്യര്‍ഥിച്ചു പഞ്ചാബി യുവതിയുടെ വിഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഇടപെടല്‍. എത്രയും വേഗം ആളെ കണ്ടെത്താന്‍ സൗദിയിലെ ഇന്ത്യന്‍ സ്ഥാനപതി അഹമ്മദ് ജാവേദിനു മന്ത്രി നിര്‍ദേശം നല്‍കി.

പഞ്ചാബില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി എംപി ഭഗവന്ത് മന്നിനോടാണു യുവതി കണ്ണീരോടെ വിഡിയോയില്‍ സഹായം അഭ്യര്‍ഥിക്കുന്നത്. ഒരു വര്‍ഷം മുന്‍പു സൗദിയിലെത്തിയ താന്‍ റിയാദിലെ ദവാദ്മിയിലാണെന്നും തൊഴിലുടമയില്‍നിന്നു കടുത്ത ശാരീരികപീഡനമാണു നേരിടുന്നതെന്നും യുവതി പറയുന്നു. അടച്ചിട്ട മുറിയില്‍ ഭക്ഷണം പോലും ലഭിക്കുന്നില്ല. ജീവന്‍ അപകടത്തിലാണ്. സ്വന്തം മകളെപോലെ കണ്ട് രക്ഷിക്കാന്‍ ഇടപെടണമെന്നാണ് അഭ്യര്‍ഥന. ആരുമിനി ഇവിടെ ജോലിക്ക് വരരുത്. അത്രയേറെ കടുത്ത പീഡനമാണു നടക്കുന്നത്.എങ്ങനെയും നാട്ടില്‍ മക്കളുടെ അടുത്തെത്തണം.

രോഗബാധിതയായ അമ്മയ്ക്കു ശസ്ത്രക്രിയ നടത്തേണ്ടതുണ്ടെന്നും യുവതി പറയുന്നു. ഇവരുടെ പേരോ മറ്റു വിശദാംശങ്ങളോ പുറത്തുവന്നിട്ടില്ല. ഹോഷിയാര്‍പുരില്‍നിന്നുള്ള മറ്റൊരു യുവതിയെ മുന്‍പു തൊഴില്‍പീഡനത്തില്‍നിന്നു രക്ഷിച്ച പശ്ചാത്തലത്തിലാണു ഭഗവന്ത് മന്നിനോടു സഹായം തേടിയതെന്നു കരുതുന്നു.