രാഹുല്‍ ഗാന്ധി ഈമാസം അവസാനംകോണ്‍ഗ്രസ് അധ്യക്ഷനാകും: സോണിയ ഗാന്ധി

By Eswara

Saturday 14 Oct 2017 02:21 AM

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ഈ മാസം അവസാനം കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കുമെന്ന് പാര്‍ട്ടി പ്രസിഡന്‍റ് സോണിയ ഗാന്ധി. സംസ്ഥാന അധ്യക്ഷന്മാരുടെയും കേന്ദ്ര അംഗങ്ങളുടെയും നിയമനത്തിനു പിന്നാലെ രാഹുല്‍ ചുമതലയേല്‍ക്കുമെന്നാണ് സൂചന.

‘‘നിങ്ങള്‍ ഏറെക്കാലമായി ഉന്നയിക്കുന്ന ചോദ്യമാണിത്. അതിന് ഇപ്പോഴിതാ ഉത്തരമായിരിക്കുന്നു’’ മുന്‍ പ്രസിഡന്‍റ് പ്രണബ് മുഖര്‍ജിയുടെ ആത്മകഥയുടെ പ്രകാശനച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങവെ സോണിയ ഗാന്ധി പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഗുജറാത്ത്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വന്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനി വന്‍ വിറ്റുവരവ് നേടിയതും ബി.ജെ.പിയുടെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയും ശക്തമായ പ്രതികരണങ്ങളാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ നടത്തുന്നത്.

കഴിഞ്ഞ 19 വര്‍ഷങ്ങളായി കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിക്കുന്നത് സോണിയയാണ്. രാഹുല്‍ അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന ആവശ്യം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും നിരന്തരമായി ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് സുപ്രധാന തീരുമാനം സോണിയ പുറത്ത് വിട്ടത്. രാഹുലിനെ പാര്‍ട്ടി അധ്യക്ഷനാക്കുക വഴി നിയമസഭ–ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് അധികാരത്തിലേറുകയാണ് കോണ്‍ഗ്രസിന്‍െറ ലക്ഷ്യം.