വേങ്ങര യു.ഡി.എഫിനു തന്നെ: കെ.എന്‍.എ. ഖാദര്‍ വിജയിച്ചു

By Karthick

Monday 16 Oct 2017 00:54 AM

മലപ്പുറം : വോട്ടു വിഹിതത്തിലും ഭൂരിപക്ഷത്തിലും കാര്യമായ കുറവുണ്ടായെങ്കിലും വേങ്ങര നിയമസഭാ മണ്ഡലം ഒരിക്കല്‍ക്കൂടി യുഡിഎഫിനോട് കൂറു പ്രഖ്യാപിച്ചു. വാശിയേറിയ തിരഞ്ഞെടുപ്പു പോരാട്ടത്തിനൊടുവില്‍ 23,310 വോട്ടിന്റെ ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദര്‍ വേങ്ങരയില്‍നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

കെ.എന്‍.എ. ഖാദര്‍ ആകെ 65,227 വോട്ടു നേടിയപ്പോള്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. ബഷീര്‍ 41,917 വോട്ടുമായി രണ്ടാമതെത്തി. ബിജെപി സ്ഥാനാര്‍ഥി ജനചന്ദ്രനെ നാലാം സ്ഥാനത്തേക്കു പിന്തള്ളി എസ്ഡിപിഐയുടെ കെ.സി. നസീര്‍ മൂന്നാം സ്ഥാനം നേടുന്നതിനും തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു. നസീര്‍ 8648 വോട്ടു സ്വന്തമാക്കിയപ്പോള്‍ ജനചന്ദ്രന് 5728 വോട്ടു മാത്രമേ ലഭിച്ചുള്ളൂ. 502 വോട്ടുമായി നോട്ട അഞ്ചാം സ്ഥാനത്തെത്തി.

2011 ലെ തെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടി നേടിയ 38,237ന്റെ ഭൂരിപക്ഷത്തിന്റെ അടുത്തെത്താന്‍ ഖാദറിന് കഴിഞ്ഞില്ല. 2016ല്‍ കുഞ്ഞാലിക്കുട്ടി 38,057 വോട്ടുകള്‍ നേടിയിരുന്നു. ഇത്തവണ 14,447 വോട്ടകളുടെ കുറവ് യു.ഡി.എഫിനുണ്ടായി. എങ്കിലും സര്‍വ്വസന്നാഹങ്ങളും സോളാര്‍ ബോംബും എടുത്ത് പ്രയോഗിച്ച് എല്‍.ഡി.എഫ് നടത്തിയ കാടിളക്കിയുള്ള പ്രചാരണത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞുവെന്ന ആശ്വാസം മാത്രമാണ് യു.ഡി.എഫിനുള്ളത്.

മുസ്ലീം ലീഗിന്റെ കരുത്തുള്ള കോട്ടയായ വേങ്ങരയില്‍ എസ്.ഡി.പി.ഐയുടെ മുന്നേറ്റമാണ് ഏറ്റവും എടുത്തുപറയേണ്ടത്. കഴിഞ്ഞ തവണ 3000ല്‍ ഏറെ മാത്രം വോട്ടുകള്‍ ലഭിച്ച എസ്.ഡി.പി.ഐ ഇത്തവണ 8684 വോട്ടുകള്‍ നേടിയത് മുസ്ലീം ലീഗ് നേതൃത്വത്തെ തന്നെയാണ് ഞെട്ടിക്കുന്നത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐക്കും വെല്‍ഫെയര്‍ പാര്‍ട്ടിക്കും ലഭിച്ചതിനും കുറവായിരുന്നു 2016ല്‍ ലഭിച്ചത്. ഇത്തവണ ഇടതു-വലത് കക്ഷികള്‍ക്കെതിരെയും ന്യുനപക്ഷ വിഷയങ്ങളും ചൂണ്ടിക്കാട്ടിയാണ് എസ്.ഡി.പി.ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ലീഗിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളും നിഷേധവോട്ടുകള്‍ എസ്.ഡി.പി.ഐയില്‍ എത്തിച്ചുവെന്ന സൂചനയാണ് ലഭിക്കുന്നത്.