ജര്‍മനിയില്‍ കാര്‍ വില്പന റിക്കാര്‍ഡ് ഉയരത്തില്‍

By Karthick

Saturday 06 Jan 2018 19:50 PM

ബര്‍ലിന്‍: ജര്‍മനിയില്‍ കാര്‍ വില്പന 2010 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി കഴിഞ്ഞ വര്‍ഷത്തെ കണക്കുകളില്‍ വ്യക്തമാകുന്നു. പുതിയ രജിസ്‌ട്രേഷനുകളില്‍ 2.7 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 3.4 മില്യണ്‍ വാഹനങ്ങള്‍ക്കു തുല്യമാണിത്. ഫെഡറേഷന്‍ ഓഫ് ദ ഓട്ടോമോട്ടിവ് ഇന്‍ഡസ്ട്രിയാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. തുടരെ നാലാം വര്‍ഷമാണ് ജര്‍മന്‍ കാര്‍ മേഖല വളര്‍ച്ച രേഖപ്പെടുത്തുന്നത്. രാജ്യത്തിന്‍റെ സന്പദ് വ്യവസ്ഥയുടെ നട്ടെല്ലു തന്നെയാണ് കാര്‍ നിര്‍മാണ മേഖല. അതേസമയം, ഡീസല്‍ വാഹനങ്ങളുടെ മലിനീകരണം കുറച്ചു കാണിക്കാന്‍ സോഫ്റ്റ് വെയറില്‍ കൃത്രിമം കാണിച്ചെന്ന ഫോക്‌സ് വാഗന്‍റെ 2015 ലെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ഡീസല്‍ കാര്‍ വില്പനയില്‍ തുടരെ ഇടിവാണ് കാണിക്കുന്നത്. പെട്രോള്‍ കാറുകളുടെ വിഹിതം അഞ്ചു ശതമാനം കൂടിയപ്പോള്‍ ഡീസല്‍ കാറുകളുടെ വിഹിതം ഏഴു ശതമാനം കുറയുകയാണു ചെയ്തത്. ഹൈബ്രിഡ് കാര്‍ വില്പന 76 ശതമാനവും വര്‍ധിച്ചു. ബാറ്ററി മാത്രം ഉപയോഗിക്കുന്ന കാറുകളുടെ വില്പനയില്‍ 120 ശതമാനം വര്‍ധനയും രേഖപ്പെടുത്തുന്നു. പുകമറയില്‍ ജര്‍മന്‍ കാര്‍ ലോകവും വിപണിയും പുകഞ്ഞെങ്കിലും ജര്‍മന്‍ കാറുകളായ മെഴ്‌സിഡസ്, ബിഎംഡബ്ല്യു, ഫോക്‌സ് വാഗന്‍, ഔഡി. പോര്‍ഷെ, ഓപ്പല്‍ തുടങ്ങിയ ഇനങ്ങള്‍ ആഗോള മാര്‍ക്കറ്റില്‍ ജനപ്രിയവും ആകര്‍ഷണയില്‍ മുന്നിലുമായതിനാല്‍ ജര്‍മന്‍ കാറുകള്‍ ലോക വിപണിയില്‍ എന്നും റിക്കാര്‍ഡ് സൃഷ്ടിക്കുന്നതില്‍ അദ്ഭുതപ്പെടേണ്ട ആവശ്യമില്ല. റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍