മാപ്പ് ക്രിസ്തുമസ്- നവവത്സരാഘോഷം വര്‍ണ്ണാഭമായി

ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്) ക്രിസ്തുമസ്- പുതുവത്സര കൂട്ടായ്മയും, സംഘടനയുടെ 2018-ലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും 2018 ജനുവരി ഏഴിനു ഞായറാഴ്ച മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ വച്ചു പ്രൗഡഗംഭീരമായ ചടങ്ങില്‍ കൊണ്ടാടി. വൈസ് പ്രസിഡന്റ് ചെറിയാന്‍ കോശി വിശിഷ്ടാതിഥികളെ വേദിയിലേക്ക് ക്ഷണിച്ചു. പ്രസിഡന്റ് അനു സ്കറിയ സ്വാഗത പ്രസംഗം നിര്‍വഹിക്കുകയും സംഘടനയുടെ പ്രവര്‍ത്തനങ്ങളും ശൈലികളും വിവരിക്കുകയും ചെയ്തു. സംഘടനയുടെ ശക്തി എന്നു പറയുന്നത് അതില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഒറ്റെക്കെട്ടായുള്ള കൂട്ടായ്മയാണെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിശിഷ്ടാതിഥിയും സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരിയുമായ റവ.ഫാ. അബു വര്‍ഗീസ് പീറ്റര്‍ സന്ദേശം നല്‍കി. ജ്ഞാനവും വിജ്ഞാനവും കൂടാതെ എല്ലാ മനുഷ്യരിലുമുള്ള ഒന്നാണ് സജ്ഞാനം. മനുഷ്യരിലുള്ള ആത്മചൈതന്യത്തെ മറ്റുള്ളവരിലേക്ക് പകര്‍ന്നുകൊടുക്കുവാന്‍ മനുഷ്യരായ നമ്മള്‍ ബദ്ധ്യസ്ഥരാണ്. സ്വയമായും സമൂഹമായും അതില്‍ താത്പര്യം ഉളവാക്കി മാതൃകയായി മാറണമെന്നു അബു അച്ചന്‍ സന്ദേശത്തിലൂടെ ഉത്‌ബോധിപ്പിച്ചു. ഏവരുടേയും സാന്നിധ്യത്തില്‍ അബു അച്ചന്‍ നിലവിളക്ക് തെളിയിച്ച് 2018-ലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഫോമ മിഡ് അറ്റ്‌ലാന്റിക് റീജണല്‍ വൈസ് പ്രസിഡന്റ് സാബു സ്കറിയ ആശംസ അറിയിക്കുകയും ഫോമ കേരളത്തിലെ പത്ത് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയെക്കുറിച്ചും ആധുനിക കേരളം നഴ്‌സുമാരുടെ സേവനമൂല്യത്തെയാണ് ആശ്രയിക്കുന്നതെന്ന വസ്തുതയെക്കുറിച്ചും വിശദീകരിച്ച് സംസാരിക്കുകയും ചെയ്തു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ടോം തോമസ് (ആര്‍ട്‌സ് കണ്‍വീനര്‍) കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ക്കു നേതൃത്വം നല്‍കി. കലാപരമായ കഴിവുകളെ അമേരിക്കന്‍ സമൂഹത്തിനു മുന്നില്‍ മികവു തെളിയിച്ച ഗായകരായ ജയ്‌സണ്‍ ഫിലിപ്പ്, പ്രമോദ് പരമേശ്വരന്‍, റേച്ചല്‍ ഉമ്മന്‍, ശില്പാ റോയ്, സോയ നായര്‍, മെലീസ തോമസ് എന്നിവര്‍ക്കു പുറമെ വന്നു ചേര്‍ന്ന മുഴുവന്‍ ആസ്വാദകവൃന്ദങ്ങളെയും ചിരിയുടെ പുത്തന്‍ രാവാക്കി മാറ്റിയ സുരാജ് ദിനമണിയുടെ മിമിക്രിയും അരങ്ങേറി. ചടങ്ങില്‍ സംബന്ധിച്ച ഏവര്‍ക്കും ജനറല്‍ സെക്രട്ടറി തോമസ് ചാണ്ടി നന്ദി അറിയിച്ചു. വിഭവസമൃദ്ധമായ ഡിന്നറും ഒരുക്കിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: അനു സ്കറിയ (പ്രസിഡന്റ്) 267 496 2423, തോമസ് ചാണ്ടി (സെക്രട്ടറി) 201 446 5027, ഷാലു പുന്നൂസ് (ട്രഷറര്‍) 203 482 9123, സന്തോഷ് ഏബ്രഹാം (പി.ആര്‍.ഒ) 215 605 6914. റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം