ഇന്ത്യയില്‍ ചൈനീസ് ഷവോമി ഒന്നാംസ്ഥാനത്ത്

By Karthick

Saturday 27 Jan 2018 23:10 PM

രാജ്യാന്തര തലത്തില്‍ ഏറ്റവും കൂടുതല്‍ ഹാന്‍ഡ്‌സെറ്റുകള്‍ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന രണ്ടു കമ്പനികളാണ് സാംസങ്ങും ചൈനീസ് കമ്പനി ഷവോമിയും. എന്നാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍ക്കുന്ന രാജ്യം ഇന്ത്യയാണ്. മുന്‍നിര കമ്പനികളെല്ലാം ഇന്ത്യയില്‍ സജീവമാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ ചൈനീസ് കമ്പനിയായ ഷവോമി ഒന്നാമതെത്തി. സാംസങ്ങിനെ കീഴടക്കിയാണ് ഷവോമി ഈ നേട്ടം കൈവരിച്ചത്. സിംഗപ്പൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനം കനാലിസ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയിലെ മൊത്തം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ 27.4 ശതമാനം ഷവോമിയുടെ കൈവശമാണ്. എന്നാല്‍ സാംസങ്ങിന്റേത് 24.6 ശതമാനമാണ്. മൂന്നു മാസത്തിനിടെ 82 ലക്ഷം ഫോണുകള്‍ വിറ്റപ്പോള്‍ സാംസങ് വിതരണം ചെയ്തത് 73 ലക്ഷമാണ്. ഹോങ്കോംഗ് ആസ്ഥാനമായുള്ള കൗണ്ടര്‍പോയിന്റ് ഗവേഷണ പ്രകാരം ഷവോമിയുടെ വിപണി വിഹിതം 25 ശതമാനമാണ്. എന്നാല്‍ സാംസങ്ങിന് 23 ശതമാനമാണ് വിപണി പങ്കാളിത്തം.