വിഖ്യാത ബോളിവുഡ് നടന്‍ ശശി കപൂര്‍ അന്തരിച്ചു

By Karthick

Tuesday 05 Dec 2017 08:10 AM

മുംബൈ: ബോളിവുഡ് ഇതിഹാസവും എഴുപതുകളിലെ നിത്യഹരിത നായകനുമായ ശശി കപൂര്‍(79) അന്തരിച്ചു. മുംബൈ കോകിലാബെന്‍ ധീരുഭായി അംബാനി ആശുപത്രിയില്‍ ഇന്നലെ വൈകുന്നേരം 5.20നായിരുന്നു അന്ത്യം. പ്രമുഖ നടന്മാരായിരുന്ന രാജ് കപൂറിന്‍റെയും ഷമ്മി കപൂറിന്‍റെയും ഇ!ളയ സഹോദരനാണ്. രാജ്കപൂറിന്‍റെ മകന്‍ രണ്‍ധീര്‍ കപൂറാണ് മരണ വിവരം അറിയിച്ചത്. കിഡ്‌നി സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. നിരവധി തവണ ഡയാലിസിസിനു വിധേയനായിരുന്നു. സംസ്കാരം ഇന്നു നടക്കും.ഭാര്യ: പരേതയായ ജെനിഫര്‍. മക്കള്‍: കരണ്‍, കുനാല്‍. 1938 മാര്‍ച്ച് 18നു ബംഗാള്‍ പ്രവിശ്യയില്‍ സിനിമനാടക നടനായിരുന്ന പൃഥ്വിരാജ് കപൂറിന്‍റെ മകനായാണു ബല്‍ബീര്‍ രാജ് കപൂര്‍ എന്ന ശശി കപൂര്‍ ജനിച്ചത്. അച്ഛന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത നാടകങ്ങളിലും സിനിമകളിലും ബാലനടനായി അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. 1948 ല്‍ പുറത്തിറങ്ങിയ ആഗ്, 1951 ലെ ആവാര എന്നീ ചിത്രങ്ങളില്‍ രാജ്കപൂറിന്‍റെ മകനായി അഭിനയിച്ചു. 1950കളില്‍ സംവിധാനസഹായിയായും പ്രവര്‍ത്തിച്ചു. 1961ല്‍ ധര്‍മപുത്ര എന്ന സിനിമയില്‍ തുടങ്ങിയ അഭിനയജീവിതത്തിനിടെ 12 ഇംഗ്ലീഷ് സിനിമകളിലും 148 ഹിന്ദി സിനിമകളിലുമായി 160 സിനിമകളില്‍ അഭിനയിച്ചു. അമിതാഭ് ബച്ചന്‍ശശികപൂര്‍ ജോഡിയായിരുന്നു ബോളിവുഡിലെ സിനിമാപ്രേമികളെ ഹരം കൊള്ളിച്ചത്. 61 സിനിമകളില്‍ ഏക നായക കഥാപാത്രമായും ശശി കപൂര്‍ വേഷമിട്ടു. ദീവാര്‍, കഭി കഭി, നമക് ഹലാല്‍, കാലാ പഥര്‍ എന്നീ സിനിമകളിലെ അഭിനയം ശശി കപൂറിനെ ഏറെ ജനകീയനാക്കി. ദീവാര്‍ എന്ന സിനിമയില്‍ ശശികപൂറിന്‍റെ കഥാപാത്രം പറഞ്ഞുവച്ച മേരേ പാസ് മാ ഹെ (എനിക്ക് എന്‍റെ അമ്മയുണ്ട്) എന്ന ഡയലോഗ് 40 വര്‍ഷത്തിനുശേഷം ഇപ്പോഴും ഹിറ്റാണ്. അഭിനയരംഗത്തെ സംഭാവനകള്‍ പരിഗണിച്ച് 2011 ല്‍ പദ്മഭൂഷണും 2015ല്‍ ദാദാ സാഹെബ് ഫാല്‍കെ അവാര്‍ഡും നല്കി രാജ്യം ശശി കപൂറിനെ ആദരിച്ചിട്ടുണ്ട്.