അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ കൗമാരക്കാരന്‍ അറസ്റ്റില്‍

By Karthick

Sunday 10 Dec 2017 01:47 AM

നോയിഡ: അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവത്തില്‍ പതിനഞ്ചുകാരന്‍ പോലീസിന്റെ പിടിയിലായി. കൃത്യം ചെയ്തത് താനാണെന്ന് കുട്ടി സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അഞ്ജലി അഗര്‍വാള്‍ (42) മകള്‍ മണികര്‍ണിക (11) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിനു ശേഷം ഇവരുടെ മകന്‍ ഒളിവിലായിരുന്നു. മൃതദേഹങ്ങള്‍ക്ക് സമീപം രക്തം പുരണ്ട നിലയില്‍ ക്രിക്കറ്റ് ബാറ്റ് കണ്ടെത്തിയതും സംഭവസമയം മകന്‍ ഫ്‌ളാറ്റിലുണ്ടായിരുന്നു എന്നതും കൊലയാളി 15 കാരന്‍ തന്നെയാകാമെന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചു. വാരണാസിയില്‍ നിന്നാണ് കുട്ടി പോലീസിന്റെ പിടിയിലായത്. അവിടെനിന്ന് അച്ഛനെ ഫോണ്‍ വിളിച്ചതോടെയാണ് പിടിയിലായത്. അഞ്ജലിയുടെ ഭര്‍ത്താവ് സൗമ്യ അഗര്‍വാള്‍ ബിസിനസ്സ് ആവശ്യത്തിനായി സൂറത്തിലേക്ക് പോയപ്പോഴായിരുന്നു കൊലപാതകം നടന്നത്. ഇയാളുടെ മാതാപിതാക്കളും ആ സമയത്ത് പുറത്തുപോയിരിക്കുകയായിരുന്നു. പഠിപ്പില്‍ പിന്നിലായ പതിനഞ്ചുകാരനെ അതിന്റെ പേരില്‍ അഞ്ജലി വഴക്ക് പറയുക പതിവായിരുന്നു. അന്നും പതിവ് പോലെ അമ്മയും മകനും തമ്മില്‍ ഇതേച്ചൊല്ലി വഴക്കുണ്ടാവുകയും മകന്‍ പ്രകോപിതനാവുകയുമായിരുന്നു. ക്രിക്കറ്റ് ബാറ്റുപയോഗിച്ച് അമ്മയെയും സഹോദരിയെയും ആക്രമിച്ച ശേഷം കത്രികയും പിസ കട്ടറുമുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് പിതാവിനോട് വിളിച്ചുപറഞ്ഞപ്പോള്‍ പേടിക്കേണ്ടെന്നും സംഭവിച്ചതൊക്കെ പോലീസിനോട് പറയാന്‍ ആവശ്യപ്പെട്ടതായും കുട്ടി പോലീസിനോട് പറഞ്ഞു.