ഐ.എസ് റിക്രൂട്ട്‌മെന്റിനു പണം സമ്പാദിച്ചത് ഗള്‍ഫില്‍ നിന്നെന്ന് പോലീസ്

By Eswara

Tuesday 19 Dec 2017 07:48 AM

കണ്ണൂര്‍: ഭീകര സംഘടനയായ ഐഎസിലേക്ക് (ഇസ്‌ലാമിക് സ്‌റ്റേറ്റ്) കേരളത്തില്‍ നിന്നു റിക്രൂട്‌മെന്റ് നടത്താനുള്ള പണം സമാഹരിച്ചതു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണെന്നു പൊലീസ്. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി കണ്ണൂര്‍ ഡിവൈഎസ്പി പി.പി.സദാനന്ദന്‍ പറഞ്ഞു. ഐഎസ് പരിശീലനം നേടിയ അഞ്ചു കണ്ണൂര്‍ സ്വദേശികള്‍ക്കെതിരായ കേസ് കഴിഞ്ഞ ദിവസം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തിരുന്നു. തുര്‍ക്കിയില്‍ നിന്നു പരിശീലനം നേടി സിറിയയിലേക്കു കടക്കുന്നതിനിടെ തുര്‍ക്കി പൊലീസ് പിടികൂടി നാട്ടിലേക്കയച്ച ഇവരെ ഒക്ടോബര്‍ അവസാനം കണ്ണൂര്‍ പൊലീസാണു പിടികൂടിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു സാമ്പത്തിക സ്രോതസ്സുകളെപ്പറ്റി വിവരം ലഭിച്ചത്. ഡിവൈഎസ്പി പി.പി.സദാനന്ദന്‍ കഴിഞ്ഞ ദിവസം ദുബായിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.