കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍

By Karthick

Saturday 23 Dec 2017 19:56 PM

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍.ജെ.ഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് അടക്കം 16 പേര്‍ കുറ്റക്കാര്‍. ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ 199097 കാലയളവില്‍ കാലിത്തീറ്റ കുംഭകോണത്തില്‍ 89 ലക്ഷം രൂപ വെട്ടിച്ച കേസിലാണ് റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസില്‍ ജനുവരി മൂന്നിന് കോടതി ശിക്ഷ വിധിക്കും. അതേസമയം, മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര ജഗന്നാഥ് മിശ്ര അടക്കം ആറു പേരെ കോടതി വെറുതേവിട്ടു. കൂടാതെ, അഴിമതി നടന്ന 1990 മുതലുള്ള ലാലുവിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്നും സി.ബി.ഐ കോടതി ഉത്തരവിട്ടു. കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലാലുവിനെ റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലിലേക്ക് മാറ്റും. മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട് കാലിത്തീറ്റ വാങ്ങിയതുമായി ബന്ധപ്പെട്ട് 900 കോടിയോളം രൂപ തട്ടിയ കേസുകളാണ് ലാലുവിനും കൂട്ടര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തത്. ട്രഷറികളില്‍ നിന്ന് പലപ്പോഴായി പല തുകയാണ് പിന്‍വലിച്ചത്. ഇതില്‍ ദിയോഗര്‍ ട്രഷറിയില്‍ നിന്നും പണം വെട്ടിച്ച കേസിലാണ് സി.ബി.ഐ കോടതി വിധി പറഞ്ഞത്. ലാലു അടക്കം 20 പേര്‍ കേസില്‍ പ്രതികളായ കേസില്‍ ഡിസംബര്‍ 13നാണ് വാദം പൂര്‍ത്തിയായത്. 2013ല്‍ ആദ്യ കേസില്‍ വിധി പറഞ്ഞ കോടതി ലാലുവിന് അഞ്ച് വര്‍ഷം തടവുശിക്ഷ വിധിക്കുകയും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. ജയിലില്‍ കിടന്ന ലാലുവിന് പിന്നീട് സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത് നാലു കേസുകളിലും ലാലു പ്രസാദ് യാദവ് വെവ്വേറെ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി നേരത്തേ ഉത്തരവിട്ടിരുന്നു.