ഇര എത്തുന്നു

By Karthick

Sunday 25 Feb 2018 01:50 AM

മലയാളത്തിലെ രണ്ടു പുതുതലമുറക്കാരായ ഉണ്ണി മുകുന്ദനെയും ഗോകുല്‍ സുരേഷ് ഗോപിയെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സൈജു സി.എസ്. സംവിധാനംചെയ്യുന്ന ഇര റിലീസിനൊരുങ്ങുന്നു. ചിത്രം യു.കെ. സ്റ്റുഡിയോസ് മാര്‍ച്ച് രണ്ടിന് പ്രദര്‍ശനത്തിനെത്തിക്കും. പ്രശസ്ത സംവിധായകന്‍ വൈശാഖ്, തിരക്കഥാകൃത്ത് ഉദയകൃഷ്ണ എന്നിവരുടെ നേതൃത്വത്തിലുള്ള വൈശാഖ് ഉദയകൃഷ്ണ പ്രൊഡക്ഷന്‍സാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ഇരയും ഇരയെത്തേടുന്നവരും തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് ചിത്രം പറയുന്നത്. നിരവധി സസ്‌പെന്‍സ് മുഹൂര്‍ത്തങ്ങളും കെട്ടുറപ്പുള്ള കഥയും ആക്ഷനും ചെയ്‌സുമൊക്കെ കോര്‍ത്തിണക്കിയാണ് ഇര ഒരുക്കിയിരിക്കുന്നത്. എസ്പി രാജീവന്‍ എന്ന കഥാപാത്രത്തെയാണ് ഇവിടെ ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നത്. ഡോ. ആര്യന്‍ എന്ന കഥാപാത്രമായാണ് ഗോകുല്‍ സുരേഷ് ഗോപി എത്തുന്നത്. സ്ത്രീ കഥാപാത്രങ്ങള്‍ക്കും ഈ ചിത്രത്തില്‍ ഏറെ പ്രാധാന്യമുണ്ട്. മിയാ ജോര്‍ജാണ് ഒരു പ്രധാന വേഷം ചെയ്യുന്നത്. നിരഞ്ജനാ അനൂപ്, ലെന, മെറീന മൈക്കിള്‍, നിരഞ്ജനാ ദാസ് എന്നിവരാണു മറ്റു നടിമാര്‍. കൈലേഷ്, ശങ്കര്‍ രാമകൃഷ്ണന്‍, ഇ.പി. രാജേന്ദ്രന്‍, അലന്‍സിയര്‍, ജയന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, നിര്‍മല്‍ പാലാഴി, വിനോദ് കോവൂര്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. നവീന്‍ ജോസിന്‍റേതാണു തിരക്കഥ. ഹരി നാരായണന്‍റെ ഗാനങ്ങള്‍ക്ക് ഗോപിസുന്ദര്‍ ഈണം പകരുന്നു.