നോട്ടീസിലെ തെറ്റ് എങ്ങനെ വന്നുവെന്ന് അന്വേഷിക്കും: കളക്ടര്‍ അനുപമ

By Karthick

Saturday 03 Mar 2018 07:37 AM

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ട് നടത്തുന്ന വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിക്കു നല്‍കിയ നോട്ടിസില്‍ എങ്ങനെ തെറ്റു വന്നുവെന്ന് അന്വേഷിക്കുമെന്നു ജില്ലാ കലക്ടര്‍ ടി.വി. അനുപമ. തിരുത്തിയ നോട്ടിസാണു രണ്ടാമതു നല്‍കിയത്. ആദ്യത്തെ നോട്ടിസ് പിന്‍വലിക്കാന്‍ തയാറായിരുന്നു. സര്‍വേ നമ്പറിലെ തെറ്റ് ആദ്യ നോട്ടിസില്‍ അറിയാതെ സംഭവിച്ചതല്ല. ടൈപ്പ് ചെയ്യുമ്പോള്‍ സംഭവിച്ചതാകാം. തെറ്റു വന്നതില്‍ സംശയാസ്പദമായി എന്തെങ്കിലും ഉണ്ടെങ്കില്‍ അന്വേഷണം നടത്തും. രണ്ടാമത്തെ നോട്ടിസിലെ സര്‍വേ നമ്പറില്‍ തെറ്റു സംഭവിച്ചിട്ടില്ല. ഉത്തരവു കിട്ടിയ ശേഷം ഇതു കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. രണ്ടാമത്തെ നോട്ടിസും തെറ്റാണ് എന്നാണ് കോടതി മനസ്സിലാക്കിയതെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അനുപമ പറഞ്ഞു. തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ വിഷയത്തില്‍ അനുപമയ്‌ക്കെതിരെ ഹൈക്കോടതി വിമര്‍ശനമുന്നയിച്ചിരുന്നു. തോമസ് ചാണ്ടിക്ക് കലക്ടര്‍ നല്‍കിയ രണ്ടു നോട്ടിസുകള്‍ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. നോട്ടിസ് നല്‍കിയത് തെറ്റായ സര്‍വേ നമ്പരിലാണെന്നു കോടതി കണ്ടത്തി. ഇക്കാര്യം കലക്ടറും അംഗീകരിച്ചു. ഇതോടെ, കലക്ടര്‍ എന്തുജോലിയാണു ചെയ്യുന്നതെന്നു കോടതി ചോദിച്ചിരുന്നു. വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയാണു ഹര്‍ജി നല്‍കിയത്.