തേനിയില്‍ കാട്ടുതീ: 8 പേര്‍ മരിച്ചു. 21 പേരെ രക്ഷപ്പെടുത്തി

By Karthick

Monday 12 Mar 2018 08:30 AM

കുമളി: കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയില്‍പ്പെട്ട് എട്ടു പേര്‍ കൊല്ലപ്പെട്ടു. ഗുരുതര പൊള്ളലേറ്റാണു മരണമെന്നു തേനി ഡിവൈഎസ്പി അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും രംഗത്തിറങ്ങിയിട്ടുണ്ട്. വനത്തില്‍ കുടുങ്ങിയവരില്‍ കോട്ടയം പാലാ സ്വദേശിയും ഉണ്ടെന്നാണ് സൂചന. കാട്ടുതീ സമയത്ത് ആകെ 37 പേരാണു കാട്ടിലുണ്ടായിരുന്നതെന്നാണു പ്രാഥമിക സൂചന. ഇതുവരെ 19 പേരെ രാത്രി വൈകി രക്ഷപ്പെടുത്തി. ഇവരില്‍ ഒന്‍പതു പേരെ നിസ്സാര പരുക്കുകളോടെ ബോഡിനായ്ക്കന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുപ്പൂരില്‍നിന്നുള്ള രാജശേഖര്‍ (29), ഭാവന (12), മേഘ (ഒന്‍പത്), ഈറോഡ് സ്വദേശി സാധന (11), തിരുപ്പൂര്‍ സ്വദേശി മോനിഷ (30), മടിപ്പാക്കം ചെന്നൈ സ്വദേശി പൂജ (27) ചെന്നൈ സഹാന (20) തുടങ്ങിയവരാണു പരുക്കേറ്റു ബോഡിനായ്ക്കന്നൂര്‍ ഗവ. ആശുപത്രിയിലുള്ളത്. ഗുരുതര പൊള്ളലേറ്റവരാണു മരിച്ചതെന്നറിയുന്നു. മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ട്രക്കിങ് സംഘത്തിലുണ്ടായിരുന്നു. വേനല്‍ ശക്തമായതിനാല്‍ കാട്ടുതീ അതിവേഗത്തിലാണു വനത്തെ വിഴുങ്ങിയത്. പരുക്കേറ്റവരെ കലക്ടറും മന്ത്രിമാരും സന്ദര്‍ശിച്ചു വിവരങ്ങള്‍ ശേഖരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ വനംവകുപ്പു മന്ത്രിക്കു നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. സംഭവത്തിന്മേല്‍ അന്വേഷണം ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. തേനി ജില്ലാ കലക്ടറുമായും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു ഉപമുഖ്യമന്ത്രി ചര്‍ച്ച നടത്തി. ഈറോഡ്, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍നിന്നും ചെന്നൈയില്‍നിന്നുമുള്ള സംഘങ്ങളാണു കാട്ടുതീയില്‍പ്പെട്ടത്. ചെന്നൈയില്‍നിന്നെത്തിയ 24 പേരില്‍ ഭൂരിപക്ഷവും ഐടി ജീവനക്കാരാണെന്നാണു സൂചന. ചെന്നൈ ട്രക്കിങ് ക്ലബിന്റെ നേതൃത്വത്തിലായിരുന്നു ഒരു സംഘം. ഈറോഡ്, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍നിന്ന് 13 കോളജ് വിദ്യാര്‍ഥികളും. ആകെയുള്ള 37 പേരില്‍ എട്ടു പുരുഷന്മാരും 26 സ്ത്രീകളും മൂന്നു കുട്ടികളും ഉണ്ടായിരുന്നതായും തേനി കലക്ടര്‍ പല്ലവി പല്‍ദേവ് പറഞ്ഞു. തമിഴ്‌നാട്ടിലെ ബോഡിനായ്ക്കനൂര്‍ വഴി രാവിലെ കൊരങ്ങിണിയില്‍ എത്തിയ യാത്രാസംഘം, രണ്ടായി തിരിഞ്ഞാണു പുറപ്പെട്ടത്. കൊടൈക്കനാല്‍ – കൊളുക്കുമല വഴി കൊരങ്ങിണി വനമേഖലയിലേക്ക് ഒരു സംഘം പോയപ്പോള്‍, മറു സംഘം എതിര്‍ദിശയിലാണു യാത്ര ചെയ്തത്. ഉച്ച കഴിഞ്ഞു മൂന്നോടെയാണു കാട്ടുതീ പടര്‍ന്നത്.