സോണിയയുടെ നേതൃത്വത്തില്‍ വിശാലസഖ്യം: വിരുന്നില്‍ 20 പാര്‍ട്ടി നേതാക്കള്‍

By Karthick

Wednesday 14 Mar 2018 08:56 AM

ന്യൂഡല്‍ഹി: യു.പി.എ. അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ വിശാല സഖ്യം രൂപീകൃതമാകുന്നു. ചൊവ്വാഴ്ച ഒരുക്കിയ അത്താഴവിരുന്നില്‍ 20 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്തു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എത്തിയില്ലെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധിയായി സുദീപ് ബന്ദോപാധ്യായയെ അയച്ചിരുന്നു. എന്‍.ഡി.എ. സഖ്യത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന തെലുഗുദേശം പാര്‍ട്ടി (ടി.ഡി.പി.) പങ്കെടുക്കുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നെങ്കിലും അവരെത്തിയില്ല. തെലങ്കാനാ രാഷ്ട്രസമിതി, ബി.ജെ.ഡി. കേന്ദ്രസര്‍ക്കാരുമായി സൗഹൃദം പുലര്‍ത്തുന്ന എ.ഐ.ഐ.ഡി.എം.കെ. എന്നിവയും യോഗത്തില്‍ പങ്കെടുത്തില്ല. സി.പി.ഐ. ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, പാര്‍ട്ടി നേതാവ് ഡി. രാജ, സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം, എന്‍.സി.പി. നേതാക്കളായ ശരദ് പവാര്‍, താരിഖ് അന്‍വര്‍, ജെ.ഡി.യു. നേതാവ് ശരദ് യാദവ്, എസ്.പി. നേതാവ് രാംഗോപാല്‍ യാദവ്, ബി.എസ്.പി. നേതാവ് സതീഷ് ചന്ദ്രമിശ്ര, ആര്‍.ജെ.ഡി. നേതാവ് ലാലുപ്രസാദിന്റെ മകള്‍ മിസാ ഭാരതി, ഡി.എം.കെ. നേതാവ് കനിമൊഴി എന്നിവരും പങ്കെടുത്തു. കേരളത്തില്‍നിന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ആര്‍.എസ്.പി. നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍, കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി എന്നിവരാണ് വിരുന്നിലുണ്ടായിരുന്നത്. സോണിയാഗാന്ധിയെ കൂടാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിങ്, എ.കെ. ആന്റണി. ഗുലാം നബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ നേതാക്കളും സന്നിഹിതരായിരുന്നു. പ്രതിപക്ഷ നേതാക്കളുടെ ഒരു ഒത്തുചേരലാണ് നടന്നതെന്നും ഔപചാരിക രാഷ്ടീയചര്‍ച്ചകള്‍ വിരുന്നിന്റെ ഭാഗമായി ഉണ്ടായില്ലെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു. അടുത്തദിവസങ്ങളില്‍തന്നെ എന്‍.സി.പി. നേതാവ് ശരദ്പവാറും പ്രതിപക്ഷ നേതാക്കള്‍ക്ക് വിരുന്നു നല്‍കുന്നുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.വിരുദ്ധ പ്രതിപക്ഷ മഹാസഖ്യം പടുത്തുയര്‍ത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.