കോംഗോയില്‍ 20 ലക്ഷം കുഞ്ഞുങ്ങള്‍ പട്ടിണിയിലെന്ന് യു.എന്‍

By Karthick

Sunday 18 Mar 2018 08:22 AM

ബ്രാസവില്‍: ആഭ്യന്തര വംശീയകലാപം കലുഷിതമാക്കിയ കോംഗോ റിപ്പബ്ലിക് കടുത്ത പട്ടിണിയിലേക്കെന്ന്‌ െഎക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. അടിയന്തരസഹായം ലഭ്യമാക്കാന്‍ നടപടിയില്ലെങ്കില്‍ 20 ലക്ഷം കുട്ടികള്‍ പട്ടിണിയിലാകുമെന്ന് യു.എന്‍ മനുഷ്യാവകാശസമിതി തലവന്‍ മാര്‍ക്ക് ലൊക്കോക്ക് അറിയിച്ചു. രാജ്യത്തിന് സഹായധനം നല്‍കാന്‍ തയാറായവരുമായി നടത്തിയ ചര്‍ച്ചക്കുമുമ്പായിരുന്നു അദ്ദേഹത്തിന്‍െറ പ്രതികരണം. ഒരു ഭാഗത്ത് വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ആഭ്യന്തര വംശീയ സംഘട്ടനങ്ങളും മറുഭാഗത്ത് പ്രസിഡന്‍റ് ജോസഫ് കബിലക്കെതിരെ നടക്കുന്ന പ്രതിഷേധവും കൊണ്ട് വലയുകയാണ് ജനങ്ങള്‍. ഹേമലന്‍െറു ഗോത്രങ്ങള്‍ തമ്മില്‍ വടക്കന്‍ ഇട്ടൂരി പ്രവിശ്യയിലുണ്ടായ സംഘട്ടനത്തില്‍ കഴിഞ്ഞ ഞായറാഴ്ച 79 പേരാണ് കൊല്ലപ്പെട്ടത്. ഇരു വിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം 1970കള്‍ മുതല്‍ തുടരുന്നതാണ്. 1998നും 2003നും ഇടയില്‍ മാത്രം പതിനായിരക്കണക്കിന് പേര്‍ ഇവിടെ കൊല്ലപ്പെട്ടിരുന്നു. സമീപകാലത്തായി സംഘര്‍ഷത്തിന് അല്‍പം ശമനമുണ്ടായിട്ടുണ്ട്. ഇരുവിഭാഗങ്ങള്‍ തമ്മിലെ സംഘര്‍ഷം കാരണം കര്‍ഷകര്‍ക്ക് വളരെക്കാലം കൃഷി ചെയ്യാന്‍ സാധിക്കാതെ വന്നതാണ് നിലവിലെ വന്‍ഭക്ഷ്യക്ഷാമത്തിന് ഒരു കാരണം. കസായ്, തങ്കനൈക പ്രവിശ്യകളിലുണ്ടായ ആക്രമണങ്ങളിലും പതിനായിരങ്ങള്‍ അപകടത്തിലാണ്. ബന്‍റു, ട്വ വിഭാഗങ്ങള്‍ തമ്മിലെ വംശീയസംഘര്‍ഷം 2016 മധ്യത്തോടെയാണ് രൂക്ഷമായത്. സംഘര്‍ഷത്തെത്തുടര്‍ന്ന് 2016 ജൂലൈക്കും 2017 മാര്‍ച്ചിനും ഇടയിലായി 400ഓളം ഗ്രാമങ്ങള്‍ തകര്‍ക്കപ്പെട്ടതായി ഇന്‍റര്‍നാഷനല്‍ റെസ്ക്യൂ കമ്മിറ്റി വ്യക്തമാക്കി. 2001 മുതല്‍ രാജ്യത്തെ നയിക്കുന്ന ജോസഫ് കബിലയെ താഴെയിറക്കാനുള്ള പ്രതിഷേധങ്ങള്‍ രാജ്യത്ത് ശക്തിപ്പെടുകയാണ്. കോംഗോയില്‍ നിന്ന് ആറ് ലക്ഷത്തോളം അഭയാര്‍ഥികള്‍ 11 ആഫ്രിക്കന്‍രാജ്യങ്ങളിലായി കഴിയുകയാണ്.