മാധ്യമ വിലക്ക്: കരുനാഗപ്പള്ളി സബ്‌കോടതി ഉത്തരവിനു ഹൈകോടതി സ്‌റ്റേ

By Karthick

Tuesday 06 Feb 2018 20:24 PM

കൊച്ചി: സാമ്പത്തിക തട്ടിപ്പ് ആരോപണമുയര്‍ന്ന ചവറ എം.എല്‍.എ എന്‍.വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത് വിജയനുമായി ബന്ധപ്പെട്ട വാര്‍ത്തകളെ വിലക്കിയ കീഴ് കോടതി ഉത്തരവ് ഹൈകോടതി സ്‌റ്റേ ചെയ്തു. കരുനാഗപ്പള്ളി സബ്‌കോടതി പുറപ്പെടുവിച്ച വിധിയാണ് ഹൈകോടതി സ്‌റ്റേ ചെയ്തത്. പൊതുചര്‍ച്ച വിലക്കിയ ഉത്തരവ് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും കീഴ് കോടതിയുടെ ഉത്തരവ് ഭരണഘടനയുടെ ലംഘനമാണെന്നും ഹൈകോടതി വ്യക്തമാക്കി. കീഴ്‌കോടതി വിധി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഹൈകോടതി നിരീക്ഷിച്ചു. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഹൈകോടതി സ്‌റ്റേ നിലനില്‍ക്കും. കൂടാതെ, കേസിലെ കക്ഷികളായ ശ്രീജിത്തിനും രാഖുല്‍ കൃഷ്ണക്കും ഹൈകോടതി നോട്ടീസ് അയക്കുകയും ചെയ്തു. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് നടപടിയെന്നും ഇല്ലാത്ത അധികാരമാണ് കീഴ് കോടതി ഉപയോഗിച്ചതെന്നും ചൂണ്ടിക്കാട്ടി മലയാള മനോരമ ദിനപത്രം ചീഫ് എഡിറ്റര്‍ നല്‍കിയ ഹരജിയിലാണ് ഹൈകോടതിയുടെ നിര്‍ണായക ഉത്തരവ്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ തടയുന്നതാണ് കീഴ്‌കോടതി വിധിയെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍െറ മകന്‍ ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണത്തെക്കുറിച്ച് ദുബൈ ജാസ് ടൂറിസം മാനേജിങ് ഡയറക്ടര്‍ ഹസന്‍ ഇസ്മാഈല്‍ അബ്ദുല്ല അല്‍ മര്‍സൂഖി വാര്‍ത്താസമ്മേളനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനായി തിരുവനന്തപുരം പ്രസ് ക്ലബിന് കത്തു നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് തനിക്കെതിരായ വാര്‍ത്ത വിലക്കണമെന്ന് ചൂണ്ടിക്കാട്ടി വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത് കരുനാഗപ്പള്ളി സബ്‌കോടതിയില്‍ ഹരജി നല്‍കിയത്. തനിക്കെതിരായ വാര്‍ത്തകള്‍, പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യുന്നതില്‍ നിന്ന് ഒരു കൂട്ടം മാധ്യമങ്ങളെ വിലക്കണമെന്നായിരുന്നു ശ്രീജിത്തിന്‍റെ ഹരജിയിലെ ആവശ്യം. തുടര്‍ന്നാണ് മാധ്യമങ്ങളെ വിലക്കി കരുനാഗപ്പള്ളി സബ്‌കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിലക്കിന്‍റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബില്‍ നടത്താനിരുന്ന വാര്‍ത്താസമ്മേളനം മര്‍സൂഖി റദ്ദാക്കിയിരുന്നു.