റോസാപ്പൂ എത്തി

By Karthick

Saturday 10 Feb 2018 20:09 PM

ബിജു മേനോനെ നായകനാക്കി നവാഗതനായ വിനു ജോസഫ് ഒരുക്കുന്ന റോസാപ്പൂ തിയറ്ററുകളില്‍ എത്തി. മുഴുനീള കോമഡി എന്റര്‍ടെയ്‌നറായി ഒരുക്കിയിരിക്കുന്ന സിനിമയുടെ ടീസറും പോസ്റ്ററുകളും ഏറെ പ്രേക്ഷകശ്രദ്ധനേടിയിരുന്നു. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ബിജു മേനോനെ കൂടാതെ കോമഡി നമ്പറുകളുമായി നീരജ് മാധവ്, സൗബിന്‍ ഷാഹിര്‍, സലിം കുമാര്‍, ദിലീഷ് പോത്തന്‍, ബേസില്‍ ജോസഫ്, വിജയരാഘവന്‍, സുധീര്‍കരമന, അലന്‍സിയര്‍, നിര്‍മല്‍ പാലാഴി എന്നിവരും എത്തുന്നു. സാന്ദ്രാ, തമിഴ് നടി അഞ്ജലി എന്നിവരാണ് നായികമാര്‍. വലിയതാര നിരതന്നെ അണിനിരക്കുന്ന ചിത്രത്തില്‍ 143 കഥാപാത്രങ്ങളുണ്ട്. പുലി, ഇരുമുഗന്‍ തുടങ്ങിയ ബ്രഹ്മാണ്ഡചിത്രങ്ങളൊരുക്കിയ ഷിബു തമീന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ദുല്‍ഖറിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ എബിസിഡിയ്ക്ക് ശേഷം ഷിബു തമീന്‍സ് നിര്‍മിക്കുന്ന രണ്ടാമത്തെ മലയാളചിത്രം കൂടിയാണിത്. രാജീവ് രവിയുടെ അസോഷ്യേറ്റായിരുന്ന വിനു പരസ്യരംഗത്തായിരുന്നു കൂടുതല്‍ സജീവം. കഴിഞ്ഞ ഒന്നരവര്‍ഷം കൂടെ കൊണ്ടുനടന്ന സ്വപ്നമാണ് ഇപ്പോള്‍ സിനിമയായി മാറുന്നത്. സിനിമയുടെ കഥയും തിരക്കഥയും വിനുവിന്റേതാണ്. സന്തോഷ് ഏച്ചിക്കാനമാണ് സംഭാഷണം.