അഭയാര്‍ത്ഥികളായെത്തിയവര്‍ ക്രൈസ്തവരെ കൊന്നൊടുക്കുന്നത് ഖേദകരം: ബിഷപ്പ് ലുഡ്വിക് ഷിക്ക്

By Karthick

Tuesday 13 Feb 2018 07:25 AM

ബെര്‍ലിന്‍: ജര്‍മ്മനിയില്‍ ക്രൈസ്തവര്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന അഭയാര്‍ത്ഥികളുടെ ആക്രമണത്തെ അപലപിച്ചുകൊണ്ട് ജര്‍മ്മന്‍ ആര്‍ച്ച് ബിഷപ്പ് ലുഡ്വിക് ഷിക്ക്. ഇസ്ലാം മതസ്ഥര്‍ ക്രിസ്ത്യാനികളെ തിരഞ്ഞ് ആക്രമണം നടത്തുന്നത് ഖേദകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം മത പീഡനത്തിനിരയായി നൂറോളം ക്രൈസ്തവരാണ് വധിക്കപ്പെട്ടതെന്ന ഡൈ വെല്‍റ്റ് റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അക്രമണ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിശ്വാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു. രാജ്യത്ത് അഭയം തേടിയെത്തിയ മുസ്‌ളിം അഭയാര്‍ത്ഥികള്‍ ജര്‍മ്മനിയുടെ മതസ്വാതന്ത്ര്യ അവകാശങ്ങള്‍ മനസ്സിലാക്കുന്നില്ല. സാമൂഹ്യ വ്യവസ്ഥതികള്‍ തിരിച്ചറിഞ്ഞ് അഭയാര്‍ത്ഥി സമൂഹം പെരുമാറണം. സഹവര്‍ത്തിത്വത്തിന്റെ ഉദാത്ത മാതൃകയാണ് ആവശ്യം. അഭയാര്‍ത്ഥികളെന്ന പേരില്‍ രാജ്യത്തു തീവ്രവാദികള്‍ താമസിക്കുന്നുണ്ടെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. ജര്‍മ്മനിയിലെ അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ താമസിക്കുന്ന ക്രൈസ്തവര്‍ ആക്രമണങ്ങള്‍ക്കിരയാകുന്നതായി നിരവധി തവണ റിപ്പോര്‍ട്ട് വന്നിരിന്നു. ഇസ്ലാം മതത്തില്‍ നിന്നും പരിവര്‍ത്തനം ചെയ്തു ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവര്‍ക്ക് നേരെയാണ് ആക്രമണങ്ങളിലേറെയും ഉണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച അഫ്ഗാന്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ മുസ്‌ളിം പൗരനു കോടതി ശിക്ഷിച്ചിരിന്നു.