കാറിനുള്ളില്‍ സെക്‌സ്: ജര്‍മനിയില്‍ സ്ത്രീയും പുരുഷനും ശ്വാസം മുട്ടി മരിച്ചു

By Eswara

Wednesday 21 Feb 2018 02:18 AM

ബര്‍ലിന്‍: ജര്‍മനിയിലെ കൊടും തണുപ്പിനിടെ കാറിനുള്ളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട സ്ത്രീയും പുരുഷനും ശ്വാസം മുട്ടി മരിച്ചതായി പൊലീസ് കണ്ടെത്തി. ജര്‍മനിയിലെ ബോട്രൂപ്പ് നഗരത്തിലാണ് സംഭവം. കൊടുംശൈത്യം തുടരുന്ന ജര്‍മനിയില്‍ 39 കാരനായ പുരുഷനെയും 44 കാരിയായ സ്ത്രീയെയുമാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഗാരേജില്‍ കിടന്ന കാറിനുള്ളില്‍ കയറിയ ഇരുവരും ഗാരേജിന്റെ ഷട്ടര്‍ അടച്ച ശേഷം തണുപ്പില്‍ നിന്നും രക്ഷപെടാന്‍ കാറിന്റെ എന്‍ജിന്‍ സ്റ്റാര്‍ട്ടാക്കുകയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തുവെന്നാണ് പൊലീസ് നിഗമനം. ഗാരേജിനടുത്തു തന്നെയാണ് ഇരുവരുടെയും താമസം. എന്‍ജിന്‍ ബഹിര്‍ഗമിച്ച പുകയില്‍ അകപ്പെട്ടുപോയ സ്ത്രീയും പുരുഷനും മരിച്ചുവെന്നാണ് കരുതപ്പെടുന്നത്. കാര്‍ ഗാരേജില്‍ ആയിരുന്നതിനാല്‍ സമീപവാസികള്‍ ആരുംതന്നെ സംഭവം അറിഞ്ഞിരുന്നില്ല. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ ഇരുവരെയും കാണാതായി എന്നറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടര്‍ന്നതും കണ്ടെത്തിയതും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ശ്വസിച്ചാണ് ഇരുവരും മരിച്ചതെന്നാണ് സ്ഥിരീകരണം എന്നു റെക്‌ളിംഗ്ഹൗസന്‍ പൊലീസ് വക്താവ് വെളിപ്പെടുത്തി. റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍