വ്യാജവാര്‍ത്താ പ്രചാരണത്തെ നയിക്കുന്നതു പ്രധാനമന്ത്രി: ദിവ്യ സ്പന്ദന

By Karthick

Wednesday 18 Apr 2018 17:17 PM

ബെംഗളൂരു: രാജ്യത്തു വ്യാജവാര്‍ത്താ പ്രചാരണത്തെ നയിക്കുന്നതു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നു കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ മേധാവി ദിവ്യ സ്പന്ദന. പ്രധാനമന്ത്രി മോദിയുള്ളപ്പോള്‍ ബിജെപിക്കു വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ സമൂഹമാധ്യമങ്ങള്‍ എന്തിനാണെന്നും ദിവ്യ ചോദിച്ചു. കര്‍ണാടക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഡിഎന്‍എയ്ക്കു നല്‍കിയ അഭിമുഖത്തിലാണു മോദിക്കെതിരെ മാണ്ഡ്യ എംപി കൂടിയായ ദിവ്യയുടെ കടുത്ത ആരോപണം. ‘‘തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളെ ഗൗരവത്തിലാണു കാണുന്നത്. യുഎസില്‍ ഡോണള്‍ഡ് ട്രംപും ഇന്ത്യയില്‍ നരേന്ദ്ര മോദിയും തിരഞ്ഞെടുക്കപ്പെട്ടതില്‍ വ്യാജവാര്‍ത്തകള്‍ക്കു പങ്കുണ്ടെന്നു നമുക്കറിയാം. കര്‍ണാടകയില്‍ ഇതിനെ പ്രതിരോധിക്കാനാണു കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പക്ഷേ ബിജെപി എല്ലാ തിരഞ്ഞെടുപ്പിലും അത് ഉപയോഗിക്കുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പുകാലത്ത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെ മോദി നടത്തിയ പ്രസ്താവനയും അഹമ്മദ് പട്ടേലിനെതിരായ നിശബ്ദ പ്രചാരണവും നമ്മള്‍ കണ്ടതാണ്. ഇവിടെയും അതുപോലെ ‘നാശനഷ്ടം’ ഉണ്ടാക്കാമെന്നാണു ബിജെപി കരുതുന്നത്.’’ ‘‘പ്രധാനമന്ത്രി മോദി തന്നെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുമ്പോള്‍ എന്തു ചെയ്യാനാകും? പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്നു മന്‍മോഹനെതിരെ മോദി പറഞ്ഞത് എന്തടിസ്ഥാനത്തിലായിരുന്നു? കഴമ്പില്ലാത്ത ആരോപണങ്ങളാണു മോദി ഉന്നയിക്കുന്നത്. ബിജെപിക്കു വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ വാട്‌സാപ്പോ ട്വിറ്ററോ വേണമെന്നില്ല, അവര്‍ക്കു സ്വന്തമായി പ്രധാനമന്ത്രിയുണ്ടല്ലോ.’’ ‘‘2014 ല്‍ നരേന്ദ്ര മോദിയുടെ പ്രചാരണത്തില്‍ ആര്‍എസ്എസിനൊപ്പം ഫെയ്‌സ്ബുക്കും പങ്കാളിയായിരുന്നു. ഇപ്പോള്‍ ഡേറ്റാചോര്‍ച്ച വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഫെയ്‌സ്ബുക് പ്രഖ്യാപിച്ച സുരക്ഷാനടപടികളില്‍ അത്ര വിശ്വാസമില്ല. പറഞ്ഞതു വിശ്വസിക്കാമെങ്കില്‍ ഫെയ്‌സ്ബുക്കിന്റേതുപ്രതീക്ഷയുളവാക്കുന്ന തീരുമാനമാണ്. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് നടത്തിയ വികസന പ്രവര്‍ത്തികളെക്കുറിച്ചാണു ഞങ്ങള്‍ പ്രചാരണം നടത്തുന്നത്. കേന്ദ്രത്തിലുള്ള ബിജെപിക്ക് പറയാനൊന്നുമില്ല. സമ്പദ് വ്യവസ്ഥ തകിടം മറിഞ്ഞു. പുതിയ തൊഴിലവസരങ്ങളില്ല. എന്നിട്ടും വ്യാജപ്രചാരണങ്ങളിലൂടെ രംഗം കയ്യടക്കാനാണു ബിജെപിയുടെ ശ്രമം.’’ ‘‘ബിജെപി ഉയര്‍ത്തിവിടുന്ന ഹിന്ദുത്വ വിഷയങ്ങളും മറ്റു വിവാദങ്ങളും പരമാവധി ഒഴിവാക്കിയാണു കോണ്‍ഗ്രസ് മുന്നോട്ടു പോകുന്നത്. പ്രശ്‌നങ്ങളെക്കുറിച്ചു ക്രിയാത്മകമായി സംസാരിക്കാന്‍ അവര്‍ തയാറാകുന്നില്ല. കോണ്‍ഗ്രസ് വികസനം ചൂണ്ടിക്കാട്ടുന്നു. പക്ഷേ ബിജെപിയുടെ വ്യാജപ്രചാരണങ്ങളാണ് വളരെ വേഗം ആളുകളില്‍ എത്തുന്നത്. സാങ്കേതികവിദ്യ മുതല്‍ വനിതാശാക്തീകരണം വരെയുള്ള കാര്യങ്ങളില്‍ ഒന്നാമതാണ് കര്‍ണാടക. ഇതാണു !ഞങ്ങള്‍ വോട്ടര്‍മാരോടു പറയുന്നത്.’’– ദിവ്യ വ്യക്തമാക്കി.