ഉന്നതര്‍ക്കുവേണ്ടി തങ്ങളെ ബലിയാടാക്കി; അറസ്റ്റിലായ പോലീസുകാര്‍

By Eswara

Friday 20 Apr 2018 07:37 AM

കൊച്ചി: വരാപ്പുഴയിലെ കസ്റ്റഡി മരണത്തില്‍ ഉന്നതരെ രക്ഷിക്കാന്‍ തങ്ങളെ ബലിയാടാക്കുകയാണെന്നു കേസില്‍ അറസ്റ്റിലായ എറണാകുളം റൂറല്‍ ടൈഗര്‍ ഫോഴ്‌സ് (ആര്‍ടിഎഫ്) അംഗങ്ങളുടെ വെളിപ്പെടുത്തല്‍. പറവൂര്‍ സിഐയുടെ നിര്‍ദേശപ്രകാരമാണു പ്രതികളെ പിടികൂടാന്‍ എത്തിയതെന്നും കേസില്‍ തങ്ങളെ കുടുക്കാന്‍ ഉന്നതതല ഗൂഢാലോചന നടക്കുന്നതായും ഡിജിപിക്കും മുഖ്യമന്ത്രിക്കും അവരയച്ച വീഡിയോ സന്ദേശത്തില്‍ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ കോടതിയെ അറിയിക്കുമെന്നും ഇവര്‍ പറയുന്നു. കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട സത്യങ്ങള്‍ പുറത്തുവരണം. മരിച്ച ശ്രീജിത്തിന്‍റെ കുടുംബത്തിനൊപ്പം തങ്ങളുടെ കുടുംബങ്ങള്‍ക്കും നീതി ലഭിക്കണം. ഇതിനായി നുണ പരിശോധനയ്ക്കു വരെ തയാറാണെന്നും അറസ്റ്റിലായ ജിതിന്‍രാജ്, സന്തോഷ്കുമാര്‍, സുമേഷ് എന്നിവര്‍ പറയുന്നു. വീഡിയോ സന്ദേശത്തില്‍ പറയുന്നതിങ്ങനെ: പിടികൂടാന്‍ എത്തിയപ്പോള്‍ ശ്രീജിത് വീട്ടില്‍ ഉറങ്ങുകയായിരുന്നു. ഭാര്യ വിളിച്ച് എഴുന്നേല്‍പ്പിക്കുകയും അമ്മ ഷര്‍ട്ട് എടുത്തുകൊടുക്കുകയും ചെയ്തു. സിഐ ഏര്‍പ്പാടാക്കിയ രണ്ടു വാഹനമാണു സ്ഥലത്തെത്തിയിരുന്നത്. ശ്രീജിത്തിനെ ഞങ്ങള്‍ ഇതില്‍ കയറ്റി പോലീസ് സ്‌റ്റേഷനിലേക്ക് അയയ്ക്കുകയായിരുന്നു. പിന്നീടു കേസിലെ മറ്റൊരു പ്രതിയെ പിടികൂടാനായി ഓട്ടോറിക്ഷ വിളിച്ചു പോയി. ഈ പ്രതിയെക്കുറിച്ചു സൂചന നല്‍കാന്‍ തയാറായ ഗണേശനൊപ്പമാണു യാത്രതിരിച്ചത്. ഗണേശനോടു ചോദിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. കസ്റ്റഡി മരണത്തില്‍ തങ്ങള്‍ക്കെതിരേ ഗുരുതര ആരോപണങ്ങള്‍ ഉയരുന്നുണ്ടെന്നു മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത്. ശ്രീജിത്തിനു പരിക്കേറ്റിട്ടുണ്ടെന്നും മറ്റും വാര്‍ത്തകള്‍ പുറത്തു വന്നശേഷവും വരാപ്പുഴ സ്‌റ്റേഷനുമായി ബന്ധപ്പെട്ട ആരും തങ്ങളെ വിളിച്ച് കാര്യങ്ങള്‍ തിരക്കിയില്ല. പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങളോ കാര്യങ്ങളോ ഉണ്ടായാല്‍ സാധാരണയായി പ്രതികളെ പിടിച്ച ഉദ്യോഗസ്ഥരോടു കാര്യങ്ങള്‍ തിരക്കാറുണ്ട്. എന്നാല്‍, ഇവിടെ അതുണ്ടായില്ല. പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം ശ്രീജിത്തിന്‍റെ ഭാര്യ മനുഷ്യാവകാശ കമ്മീഷനു നല്‍കിയ മൊഴിയില്‍ പറയുന്നത് തങ്ങള്‍ രാത്രിയില്‍ ശ്രീജിത്തിനെ സ്‌റ്റേഷനില്‍ പോയി കണ്ടുവെന്നാണ്. ഇതു തെറ്റാണെന്ന് അന്വേഷണത്തില്‍ മനസിലാക്കാന്‍ കഴിയും. ഏകദേശം രാത്രി 11ഓടെ വരാപ്പുഴ സ്‌റ്റേഷനില്‍നിന്നു കേസിലെ മറ്റു മൂന്നു പ്രതികളെ പിടികൂടാനായി ഇറങ്ങിയ തങ്ങള്‍ പിന്നീടു സ്‌റ്റേഷനിലേക്കു ചെന്നിട്ടില്ല. വരാപ്പുഴ ആക്രമണവുമായി ബന്ധപ്പെട്ട് ആകെ അഞ്ചു പ്രതികളെ പിടികൂടിയ തങ്ങള്‍ പിറ്റേ ദിവസം പുലര്‍ച്ചെ പെരുന്പാവൂരിലെത്തി മറ്റു ജോലികളില്‍ വ്യാപൃതരാകുകയായിരുന്നു. ഫോണ്‍ കോളുകളും മറ്റും പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ പ്രതിക്കൂട്ടിലാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞപ്പോള്‍ നിജസ്ഥിതി അറിയിക്കാനായി തങ്ങളുടെ മൊബൈല്‍ ഫോണുകളും പിടികൂടിയ ശേഷം പകര്‍ത്തിയ പ്രതികളുടെ ചിത്രങ്ങളും സഹിതം അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു. ശ്രീജിത്തിനു പുറമെ പിടികൂടി പോലീസിനു കൈമാറിയ മറ്റ് അഞ്ചു പ്രതികളുടെയും ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. ഇതും സംഘത്തിനു കൈമാറി. ഇതെല്ലാം വിശദമായി പരിശോധിച്ച ശേഷമാണു ചോദ്യം ചെയ്തത്. ഞങ്ങളെ ടാര്‍ജറ്റ് ചെയ്യുന്ന തരത്തിലാണ് ആരോപണങ്ങളെല്ലാം പുറത്തുവരുന്നത്. തങ്ങളെ കരുവാക്കി തെറ്റു ചെയ്തവര്‍ രക്ഷപ്പെടാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നു.